| Wednesday, 5th June 2024, 4:48 pm

ആ കഥാപാത്രമല്ലാതെ എനിക്ക് ആ സമയത്ത് വേറൊരു ജീവിതമില്ലായിരുന്നു: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഷെയ്ന്‍ നിഗം. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ഷെയ്ന്‍ സുപരിചിതനാകുന്നത്. തന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായ കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ച് ഷെയ്ന്‍ സംസാരിച്ചു.

പുതിയ ചിത്രമായ ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബീ ഇറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സംസാരിച്ചത്. തനിക്ക് ഒരു പേഴ്‌സണല്‍ ലൈഫ് ഇല്ലാത്ത സമയത്താണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ ചെയ്തതെന്ന് ഷെയ്ന്‍ പറഞ്ഞു.

ആ സമയത്ത് ആ കഥാപാത്രമല്ലാതെ വേറൊരു ജീവിതമില്ലായിരുന്നുവെന്നും ഇനി അതുപോലെ ഒന്ന് തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്നും ഷെയ്ന്‍ പറഞ്ഞു. ഉറങ്ങി എഴുന്നേല്‍ക്കുന്നത്  പോലും ബോബി എന്ന കഥാപാത്രമായിട്ടായിരുന്നെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

‘കുമ്പളങ്ങി പോലൊരു സിനിമ ഇനി എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്ന് പോലും അറിയില്ല. കാരണം, ആ സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് ഒരു പേഴ്‌സണല്‍ ലൈഫ് ഉണ്ടായിരുന്നില്ല. ആ ക്യാരക്ടറായിരുന്നു എന്റെ ജീവിതം. ഞാന്‍ അത്രത്തോളം ഇന്‍വോള്‍വ് ചെയ്ത് അഭിനയിച്ച സിനിമയായിരുന്നു അത്. ഇനി അതുപോലെ ഒന്ന് എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല.

കാരണം, ഇപ്പോള്‍ നമ്മള്‍ സൊസൈറ്റിയെയും ലൈഫിനെയും കുറച്ചുകൂടി സീരിയസായി കാണാന്‍ തുടങ്ങിയിട്ടുണ്ടല്ലോ. ആ സമയത്തൊക്കെ ഉറങ്ങി എഴുന്നേല്‍ക്കുന്നത് പോലും ബോബിയായിട്ടായിരുന്നു. അതുപോലെ ഇനി നടക്കില്ല എന്ന് ഉറപ്പാണ്. അതുപോലെ സൗബിക്കയുടെ ആ സിനിമയിലെ പെര്‍ഫോമന്‍സും കിടിലമായിരുന്നു. പുള്ളി അത്ര കിടിലനായി ചെയ്ത വേറെ സിനിമയില്ല,’ ഷെയ്ന്‍ പറഞ്ഞു.

Content Highlight: Shane Nigam about Kumbalangi Nights movie

We use cookies to give you the best possible experience. Learn more