| Friday, 18th October 2019, 12:24 pm

''എന്നെ നിയന്ത്രിക്കുന്ന ആ ശക്തി' ; ജോബി ജോര്‍ജിന് മറുപടിയുമായി ഷെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിര്‍മാതാവ് ജോബി ജോര്‍ജ്ജിന്റെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശത്തിന് മറുപടിയുമായി നടന്‍ ഷെയ്ന്‍ നിഗം. സ്വന്തം മുടിവെട്ടുന്നത് പോലും അറിയാന്‍ പറ്റാത്ത വിധത്തില്‍ എന്താണ് അവനെ സ്വാധീനിച്ചത് എന്ന് താന്‍ പറയുന്നില്ലെന്ന ജോബിയുടെ പ്രസ്താവനക്ക് മറുപടിയുമായാണ് ഷെയ്ന്‍ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ഷെയ്‌ന്റെ മറുപടി.

” ജോബി ജോര്‍ജ്ജിന്റെ പത്രസമ്മേളനം കണ്ടവരുണ്ട് എന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുള്ള മറുപടിയല്ല. അതിലുള്ള ഒരു സെന്റന്‍സിനുള്ള മറുപടി മാത്രമാണ്. പിന്നെ ആ വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങളോടുമുള്ള ചെറിയൊരു മറുപടിയാണ്.

വെല്ലുവിളിയല്ല കേട്ടോ. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കില്‍ എന്റെ റബ്ബ് ഉണ്ടെങ്കില്‍ ഞാന്‍ ഇതിന് മറുപടി തരുന്നില്ല. റബ്ബ് തന്നോളും’- എന്നായിരുന്നു ഷെയ്‌ന്റെ പ്രതികരണം.

സ്വന്തം മുടിവെട്ടുന്നത് പോലും അറിയാന്‍ പറ്റാത്ത വിധത്തില്‍ എന്താണ് ഷെയിനിനെ സ്വാധീനിച്ചത് എന്ന് താന്‍ പറയുന്നില്ലെന്നും കാരണം തനിക്കും മക്കളുണ്ടെന്നും അവരും വലുതാകുമ്പോള്‍ ഇവനെപ്പോലെ ആയിപ്പോയാല്‍ എന്ത് ചെയ്യുമെന്നുമായിരുന്നു ജോബി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചത്.

തന്റെ അപ്പന്‍ തന്നെ നല്ല രീതിയില്‍ പഠിപ്പിച്ചതുകൊണ്ടാണ് ഇങ്ങനെ ആയിപ്പോകാഞ്ഞതെന്നും ജോബി ജോര്‍ജ് പറഞ്ഞിരുന്നു. ഷെയ്ന് സ്വഭാവ ദൂഷ്യമുണ്ടെന്ന് താങ്കള്‍ പറയുന്നു. മൊത്തം എവിഡന്‍സ് ഉണ്ടെന്ന് പറയുന്നു. എന്താണ് എവിഡന്‍സ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവന് നന്നാവാന്‍ അവസരം ഉണ്ടാകുകയാണെങ്കില്‍ ഉണ്ടാകട്ടെ എന്നായിരുന്നു ജോബി ജോര്‍ജിന്റെ മറുപടി.

”എനിക്ക് അവനെ കൂടുതല്‍ വിഷമിപ്പിക്കണമെന്നില്ല. ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ എന്റെ പോക്കറ്റില്‍ നിന്ന് ഒരാള്‍ ഒരു സാധനം എടുത്തുകൊണ്ടുപോയാല്‍ എനിക്ക് അത് മനസിലാകും. മനസിലായില്ലെങ്കില്‍ എന്താണ് സ്ഥിതി. മുടിവെട്ടരുത് എന്ന് വ്യക്തിമായി എഴുതിക്കൊടുത്തിരിക്കുന്നു. ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുടി വെട്ടി എന്ന് പറയുന്നത് എന്താണ്. ഇതാണോ വര്‍ക്കിനോടുള്ള ഡെഡിക്കേഷന്‍”- എന്നായിരുന്നു ജോബി ജോര്‍ജ് ചോദിച്ചത് .

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more