| Sunday, 26th May 2024, 8:46 pm

യുദ്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം, അതിനെന്തിനാണ് നിങ്ങള്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത്? ഫലസ്തീന്‍ വിഷയത്തില്‍ ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇസ്രഈല്‍ ഫലസ്തീന്‍ യുദ്ധത്തില്‍ എന്തിനാണ് നിരപരാധികളായ കുഞ്ഞുങ്ങളെ കൊല്ലുന്നതെന്ന് ഷെയ്ന്‍ നിഗം. തന്റെ പുതിയ ചിത്രമായ ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ ഇക്കാര്യം പറഞ്ഞത്. ഇത്തരം കാര്യങ്ങളൊക്കെ തന്നെ വല്ലാതെ ബാധിക്കുമെന്നും, അതുകൊണ്ടാണ് താന്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ പ്രതികരിക്കുന്നതെന്നും ഷെയന്‍ പറഞ്ഞു.

പണ്ടുമുതലേ പലരും യുദ്ധം ചെയ്യാറുണ്ടെന്നും, എന്നാല്‍ അതൊക്കെ സൈനികര്‍ തമ്മില്‍ മാത്രമായിരുന്നെന്നും ഇതുപോലെ ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ ഒന്നും ചെയ്യാറില്ലെന്നും ഷെയ്ന്‍ പറഞ്ഞു. ഇതെല്ലാം കാണുമ്പോള്‍ തന്റെ കണ്ണ് നിറയാറുണ്ടെന്നും, ഇമോഷണലാക്കാറുണ്ടെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. പ്രതികരിച്ചതിന്റെ പേരില്‍ മതം നോക്കി ചൂഷണം ചെയ്യുന്നത് ശരിയായ കാര്യമല്ലെന്നും താരം പറഞ്ഞു. യുദ്ധത്തിന്റെ ചിത്രങ്ങള്‍ ഇമോഷണലാക്കാറുള്ളതു കൊണ്ടാണോ ഇതിനെതിരെ പ്രതികരിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷെയ്ന്‍.

‘ഇതെല്ലാം എന്നെ വല്ലാതെ ഇമോഷണലാക്കാറുണ്ട്. എന്റെ കണ്ണ് നിറയാറുണ്ട് ഇത്തരം ഫോട്ടോസ് കാണുമ്പോള്‍. യുദ്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം അതിന് ഈ കുട്ടികളെ കൊല്ലുന്നത് എന്തിനാണ്? പണ്ടൊക്കെ ചെയ്യുന്നതുപോലെ രണ്ട് വിഭാഗത്തിലെയും സൈനികര്‍ തമ്മില്‍ തല്ലി തീര്‍ക്കൂ. സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് ശരിയായ കാര്യമല്ല. അതൊക്കെ കാണുമ്പോള്‍ എന്റെ കണ്ണ് സ്വാഭാവികമായും നിറയും.

എന്തിനാണ് ഇങ്ങനെ ചൂഷണം ചെയ്യുന്നത്? ഒരു മതത്തിന്റെ പേരിലായതുകാണ്ടാണോ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്? നമ്മളാണോ നമ്മുടെ മതം തെരഞ്ഞെടുക്കുന്നത്? അപ്പോള്‍ അതിന്റെ പേരില്‍ ഒരാളെയോ ഒരു വിഭാഗത്തെയോ മാറ്റി നിര്‍ത്തുന്നത് ശരിയായിട്ടുള്ള കാര്യമല്ല, അതിനോട് എനിക്ക് യോജിക്കാനും പറ്റില്ല. എല്ലാ വിഭാഗത്തിലും നല്ലതും ചീത്തയുമുണ്ട്. ഈ ചെറിയ ജീവിതത്തില്‍ എന്തിനാണ് ഓരോരുത്തരെ മാറ്റിനിര്‍ത്തുന്നത് എന്നാണ് എന്റെ കാഴ്ചപ്പാട്,’ ഷെയ്ന്‍ പറഞ്ഞു.

Content Highlight: Shane Nigam about Israel Palestine war

We use cookies to give you the best possible experience. Learn more