Advertisement
Entertainment news
ഞാനും ഉമ്മച്ചിയും ഒരുമിച്ച് വളര്‍ന്നുവന്നവരെ പോലെയാണ്; കരിയറിലും എന്നെ സഹായിക്കാറുണ്ട്: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 02, 04:21 am
Wednesday, 2nd March 2022, 9:51 am

ഷെയ്ന്‍ നിഗം നായകനായ ഏറ്റവും പുതിയ ചിത്രം വെയില്‍ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. തിയേറ്റര്‍ റിലീസായാണ് വെയില്‍ എത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് ഒ.ടി.ടി റിലീസായി എത്തിയ ഷെയ്‌നിന്റെ ഭൂതകാലവും പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയിരുന്നു. ഒരു ഹൊറര്‍ ത്രില്ലര്‍ എന്നതിനപ്പുറം ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധത്തെയും ഭൂതകാലത്തില്‍ വളരെ മനോഹരമായി ചിത്രീകരിച്ചിരുന്നു. നടി രേവതിയായിരുന്നു അമ്മയുടെ കഥാപാത്രത്തില്‍ എത്തിയത്.

തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് ഷെയ്ന്‍ ഇപ്പോള്‍. ഫില്‍മിബീറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഉമ്മ സുനിലയുമായുള്ള ബന്ധത്തെക്കുറിച്ചും ഷെയ്ന്‍ സംസാരിക്കുന്നുണ്ട്.

ഉമ്മ തനിക്ക് വലിയ പിന്തുണയാണെന്നും കരിയറില്‍ പോലും ഉമ്മയുടെ വലിയ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്നുമാണ് ഷെയ്ന്‍ പറയുന്നത്.

”ഒരു സ്‌ട്രോങ് പില്ലര്‍ ആയി കൂടെയുള്ള ആള്‍ തന്നെയാണ് ഉമ്മച്ചി. അന്നത്തെ ആ വിവാദത്തിന് മുമ്പുള്ള സമയങ്ങളില്‍ എന്റെ വര്‍ക്ക് റിലേറ്റഡ് ആയ കാര്യങ്ങളില്‍ ഒരു മാനേജറോ അല്ലെങ്കില്‍ കൃത്യമായ ഒരു ഡിസിപ്ലിനോ ഉണ്ടായിരുന്നില്ല.

ഈയടുത്ത കാലത്താണ് ഉമ്മച്ചി അതില്‍ ഒരു ഇനീഷ്യേറ്റീവ് എടുത്തതും പ്രൊഫഷണലി എന്നെ സഹായിക്കാനും തുടങ്ങിയത്. എന്റെ വര്‍ക്ക് റിലേറ്റഡ് കാര്യങ്ങളിലും ഉമ്മച്ചി ഇടപെടാറുണ്ട്, അഭിപ്രായങ്ങള്‍ പറയാറുണ്ട്. ഉമ്മച്ചി മാത്രമല്ല, സഹോദരിമാരും പറയാറുണ്ട്,” ഷെയ്ന്‍ പറയുന്നു.

ഉമ്മയുമായി വഴക്കുണ്ടാക്കാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനും ഷെയ്ന്‍ മറുപടി നല്‍കുന്നുണ്ട്. ഉമ്മയുടെ 21ാം വയസില്‍ താന്‍ ജനിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തങ്ങള്‍ രണ്ടുപേരും ഒരുമിച്ച് വളര്‍ന്നുവന്നു എന്ന സാഹചര്യമായിരുന്നു എന്നുമാണ് ഷെയ്ന്‍ പറയുന്നത്.

”ഒരു പ്രായം എത്തിക്കഴിഞ്ഞപ്പൊ ഉമ്മ വഴക്കൊന്നും പറയില്ല. കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുക, എന്ന സ്‌പേസ് ഉണ്ട്.

എനിക്ക് തോന്നുന്നു, ഞാനും ഉമ്മച്ചിയും ഒരുമിച്ച് വളര്‍ന്നുവന്നു എന്ന് പറയുന്നപോലെ ഒരു സിറ്റുവേഷന്‍ ആണ്. ഉമ്മച്ചിയുടെ 21ാം വയസിലാണ് ഞാന്‍ ജനിക്കുന്നത്.

ആ പ്രായത്തിലേ അമ്മയായിക്കഴിഞ്ഞപ്പോള്‍, പിന്നെ എന്നോടൊപ്പം വളരുക എന്നത് രണ്ടാമത്തെ ഒരു പ്രോസസ് ആണ്. പ്രത്യേകിച്ച് സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് ഞാന്‍ വന്നതിന് ശേഷം ഒരുപാട് കാര്യങ്ങളില്‍ ഉമ്മച്ചി മാറിയിട്ടുണ്ട്.

സത്യം പറഞ്ഞാല്‍, ഞങ്ങള്‍ ഒരുമിച്ചാണ് ഓരോ കാര്യങ്ങളും നേരിടുന്നതും മനസിലാക്കുന്നതും. ഉമ്മയുടെ ഇത്രയും നാളത്തെ അനുഭവങ്ങള്‍ അതിന് എനിക്ക് ഒരു ഗൈഡ് ആണ്, ഒരുപാട് കാര്യങ്ങളില്‍ അത് സഹായിക്കുന്നുണ്ട്.

അതുകൊണ്ട് ഇപ്പോള്‍ വഴക്കൊന്നും പറയാറില്ല. ചെറുപ്പത്തിലെ ചില കുസൃതികള്‍ക്കൊക്കെ വഴക്ക് പറയുന്നപോലെ അല്ലല്ലോ. ഞങ്ങള്‍ ഒരുമിച്ചാണ് ഇപ്പോള്‍ കാര്യങ്ങളൊക്കെ ചെയ്യുന്നത്,” ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlight: Shane Nigam about his relationship with mother Sunila