| Tuesday, 12th September 2023, 12:03 pm

കൊറോണ പേപ്പേഴ്‌സ് ഡിജിറ്റലില്‍ അല്ല ഷൂട്ട് ചെയ്തത്, ഷോട്ട് ഓക്കെയാണോ എന്ന് നോക്കാന്‍ പറ്റിയിരുന്നില്ല: ഷെയ്ന്‍ നിഗം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ പ്രിയദര്‍ശന്റെ കൂടെ ചെയ്ത കൊറോണ പേപ്പേഴ്‌സ് എന്ന സിനിമയെ പറ്റി സംസാരിക്കുകയാണ് നടന്‍ ഷെയ്ന്‍ നിഗം.

മുതിര്‍ന്ന സംവിധായകര്‍ക്കാപ്പം ജോലി ചെയ്യുന്നതിനെ പറ്റിയും ഡിജിറ്റലും ഫിലിമും തമ്മിലുള്ള വ്യത്യാസത്തെ പറ്റിയും റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ സംസാരിച്ചു.

ഷോട്ട് ഓക്കെയാണെങ്കില്‍ പ്രിയദര്‍ശന്‍ പിന്നെ ഒന്നും നോക്കില്ലെന്നും അടുത്ത ഷോട്ട് സെറ്റ് ചെയ്യാന്‍ പോയിട്ടുണ്ടാകുമെന്നും ഷെയ്ന്‍ പറഞ്ഞു. ഡബ്ബിങ്ങിലും മറ്റും കൂടെ പ്രിയദര്‍ശന്‍ സാര്‍ ഉണ്ടായിരുന്നെന്നും, ടി.കെ രാജീവ് കുമാര്‍ സാറിന്റെ കൂടെ ബര്‍മൂഡ എന്ന ചിത്രം ചെയ്ത പോലുള്ളൊരു അനുഭവമായിരുന്നു പ്രിയദര്‍ശന്‍ സാറിന്റെ കൂടെയെന്നും ഷെയ്ന്‍ പറയുന്നു.

‘പ്രിയദര്‍ശന്‍ സാറിന്റെ കൂടെ കൊറോണ പേപ്പേഴ്സ് ചെയ്തത് വലിയോരു അനുഭവമായിരുന്നു. ഭയങ്കര വ്യത്യസ്തമായൊരു സ്‌കൂളായിരുന്നു ഈ സിനിമ. ടി.കെ രാജീവ് കുമാര്‍ സാറിന്റെ കൂടെ ബര്‍മൂഡ എന്ന സിനിമ ചെയ്ത അതേ സ്റ്റൈലായിരുന്നു ഇതിലും.

ഇവരുടെ ഒരു പ്രത്യേകത എന്താണെന്നുവെച്ചാല്‍, ഒരു ഷോട്ടിനും ഡയലോഗിനും സീക്വന്‍സിനും കൂടി ഒരു ഓപ്ഷനെ ഉണ്ടാവുകയുള്ളു. സാധാരണ ഇപ്പോഴുള്ള സിനിമകള്‍ ചിത്രീകരിക്കുന്നത് പോലെ അത്യാവശ്യം ഷോട്ടുകള്‍ എല്ലാ ഭാഗത്തു നിന്നും എടുക്കാന്‍ ശ്രമിക്കുന്നത് പോലെയുള്ള രീതിയേയല്ല.

സംവിധായകരുടെ മനസ്സില്‍ ആദ്യം എഡിറ്റ് ചെയ്തിന് ശേഷമായിരിക്കും ആ ഭാഗം ഷൂട്ട് ചെയ്യുന്നത്. സ്‌ക്രിപ്റ്റിലാണെങ്കിലും കറക്റ്റായിട്ട് വേണ്ട ഡയലോഗ് മാത്രമേ ഉണ്ടാവുകയുള്ളു. അത് എനിക്ക് അത്ര പുതിയ അനുഭവമല്ല. ടി.കെ രാജീവ് കുമാര്‍ സാറിന്റെ കൂടെ ബര്‍മൂഡ ചെയ്യുമ്പോഴും ഇതേ അനുഭവം ഉണ്ടായിരുന്നു’, ഷെയ്ന്‍ പറഞ്ഞു.

‘ഫിലിമിലാണ് കൊറോണ പേപ്പേഴ്‌സ് ഷൂട്ട് ചെയ്തത്. ഡിജിറ്റല്‍ ആയിരുന്നില്ല. ഡിജിറ്റലില്‍ ഷൂട്ട് ചെയുമ്പോള്‍ നമ്മുക്ക് ഇടക്ക് പോയി നോക്കാം അല്ലെങ്കില്‍ അപ്പോള്‍ തന്നെ കട്ട് ചെയ്ത് കാണാന്‍ കഴിയും. പുതിയ ടെക്‌നിക്കുകള്‍ നമുക്ക് ഉപയോഗിക്കാം. പ്രിയദര്‍ശന്‍ സാറിന്റെ സെറ്റില്‍ പക്ഷേ അങ്ങനെയല്ല. ഷോട്ട് നമ്മള്‍ എടുത്ത് കഴിഞ്ഞ് സാറിന് അത് ഓക്കെയാണെങ്കില്‍ പിന്നെ അടുത്ത ഷോട്ട് സെറ്റ് ആകാന്‍ പോവുകയാണ്.

നമ്മള്‍ തിരിച്ചുചെല്ലുമ്പോഴേക്കും മോണിറ്റര്‍ അടക്കം അവര്‍ എടുത്ത് കൊണ്ട് പോയിട്ടുണ്ടാകും. പിന്നെ ഞാന്‍ അതിലേക്ക് പൊരുത്തപ്പെട്ടു തുടങ്ങി.പ്രിയദര്‍ശന്‍ സാറിന് ഒക്കെയാണെങ്കില്‍ എനിക്കും ഒക്കെയാണ്. പിന്നീട് ട്രെയ്ലര്‍ കണ്ടതിന് ശേഷമാണ് ഇത്രയും നല്ല വിഷ്വല്‍സൊക്കെ ഉണ്ടെന്ന് ഞാന്‍ കാണുന്നത്’, ഷെയ്ന്‍ പറഞ്ഞു.

Content Highlight: Shane Nigam about Corona Papers

We use cookies to give you the best possible experience. Learn more