കോട്ടയം: അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രതികരണവുമായി സിനിമ നടന്‍ ഷെയ്ന്‍ നിഗം. അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി അധികാരികള്‍ കാണരുതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്ന കോളേജ് വിദ്യാര്‍ത്ഥികളെ കേരളം കേള്‍ക്കണമെന്നും വേണ്ടപ്പെട്ട അധികാരികള്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു.
‘അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റ് ഗവണ്‍മെന്റ് തല അധികാരികളും കാണരുത്. തങ്ങളുടെ കുട്ടികളുടെ നല്ലൊരു ഭാവി മുന്‍കൂട്ടി കണ്ട് കോളേജ് അധികാരികളെ തന്റെ മക്കളെ ഏല്‍പ്പിക്കുമ്പോള്‍ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേള്‍ക്കണം, വേണ്ടപ്പെട്ട അധികാരികള്‍ കാണണം….ഐക്യദാര്‍ഢ്യം നല്‍കണം,’ ഷെയ്ന്‍ പറഞ്ഞു.
ജൂണ്‍ രണ്ടിനാണ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ രണ്ടാംവര്‍ഷ ഫുഡ് ടെക്നോളജി ബിരുദത്തിന് പഠിക്കുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയിരുന്നില്ല.
സംഭവത്തില്‍ ഇന്ന് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. സഹപാഠിയായിരുന്ന ശ്രദ്ധയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപെടി വേണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്.
രണ്ട് ദിവസമായിട്ട് മാധ്യമങ്ങള്‍ കാര്യമായി ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. എച്ച്.ഒ.ഡി, ഫോണ്‍ പിടിച്ചുവെച്ച അധ്യാപിക, വിഷയത്തില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തിയ അധ്യാപികമാര്‍ തുടങ്ങിയവര്‍ക്കെതിരെ തങ്ങള്‍ക്ക് പരാതിയുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
‘കോളേജിന് വേണ്ടി ഉണ്ടാക്കിവെച്ച കുറച്ച് ഐഡിയല്‍ സ്റ്റുഡന്‍സ് ഉണ്ട്. അവര്‍ ഒഴികെ മറ്റെല്ലാവരോടും മോശമായ സമീപനമാണ് അധികാരികള്‍ക്ക്. പ്രതിഷേധിച്ചതിന്റെ പേരില്‍ ഞങ്ങളെ പുറത്താക്കിയേക്കാം. ചിലപ്പോള്‍ പ്രതികാര നടപടിയുടെ ഭാഗമായി ഞങ്ങളെ തോല്‍പ്പിച്ചേക്കാം. ജൂണ്‍ രണ്ടിനാണ് ആ കുട്ടി മരിക്കുന്നത്. ഇതുവരെ നിങ്ങള്‍ മീഡിയ എവിടെയായിരിന്നു. ഞങ്ങള്‍ നിങ്ങളെ അറിയിച്ചതല്ലേ,’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
content highlight: shane nigam about amal jyothi engineering college issue