ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായി മൂന്നാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനമാണ് റിയാന്‍ പരാഗ് നടത്തിയത്. 39 പന്തില്‍ പുറത്താവാതെ 54 റണ്‍സ് നേടി കൊണ്ടായിരുന്നു രാജസ്ഥാന്റെ വിജയത്തില്‍ പരാഗ് നിര്‍ണായകമായത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും ആണ് താരം അടിച്ചെടുത്തത്.
ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍താരം റിയാന്‍ പരാഗിന്റെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് അസിസ്റ്റന്റ് കോച്ചും ന്യൂസിലാന്‍ഡ് താരവുമായ ഷെയ്ന്‍ ബോണ്ട്.
മുംബൈയ്‌ക്കെതിരെയുള്ള വിജയത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ബോണ്ട്. റിയാന്‍ പരാഗ് കളിക്കളത്തില്‍ സൂര്യകുമാര്‍ യാദവിനെ പോലെയാണെന്നാണ് മുന്‍ ന്യൂസിലാന്‍ഡ് താരം വിശേഷിപ്പിച്ചത്.
‘കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ എത്തിയ സൂര്യകുമാര്‍ യാദവിനെ പോലെയാണ് റിയാന്‍ പരാഗ് എന്നെ ഓര്‍മ്മപ്പെടുത്തുന്നത്. അവന് 22 വയസ് മാത്രമേ ആയിട്ടുള്ളു ഇപ്പോൾ തന്നെ ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ അവന്‍ വളരെയധികം പക്വത പ്രാപിച്ചു കഴിഞ്ഞു.
റിയാന്‍ പരാഗിന് മികച്ച ഒരു ആഭ്യന്തര സീസണായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവന്‍ അവന്റെ പ്രകടനങ്ങള്‍ മികച്ചതാക്കി മാറ്റി. ഞങ്ങള്‍ ദേവദത്ത് പടിക്കലിന് പകരം ആവേശ് ഖാനെ കൊണ്ടുവന്നത് പരാഗിനെ ടീമില്‍ മികച്ച സ്ഥാനത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു,’ ബോണ്ട് പറഞ്ഞു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനം നടത്താന്‍ പരാഗിന് സാധിച്ചിരുന്നു.
ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 45 പന്തില്‍ പുറത്താവാതെ 84 റണ്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 29 പന്തില്‍ 43 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഇതോടെ ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും 160 സ്ട്രൈക്ക് റേറ്റില്‍ 181 റണ്‍സാണ് രാജസ്ഥാന്‍ താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.
അതേസമയം മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ജയത്തോടെ മൂന്ന് മത്സരങ്ങളും വിജയിച്ച രാജസ്ഥാന്‍ ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവാല്‍ മാന്‍സിങ് സ്റ്റേഡിയമാണ് വേദി.
Content Highlight: Shane Bond says Ryan Parag like Suryakumar Yadav