| Friday, 17th May 2024, 10:13 am

അവന്‍ മികച്ച താരമാണ്, അവനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു: സഞ്ജുവിന്റെ രക്ഷകനെ പ്രശംസിച്ച് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് യുവതാരം റിയാന്‍ പരാഗിന്റെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍ അസിസ്റ്റന്റ് കോച്ച് ഷെയ്ന്‍ ബോണ്ട്.

‘റിയാന്‍ പരാഗ് സീസണില്‍ ഞങ്ങള്‍ക്കായി മികച്ച പ്രകടനമാണ് നടത്തിയത്. ഞാന്‍ അവനെ ഓര്‍ത്തു വളരെ ആവേശഭരിതനാണ്. അവന്‍ ഇതുവരെ കളിച്ച രീതിയില്‍ ഞാന്‍ അഭിമാനിക്കുന്നു. ചില മോശം പ്രകടനങ്ങളുടെ കാര്യത്തില്‍ അവന്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ധാരാളം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നു കൊണ്ട് സീസണില്‍ മികച്ച പ്രകടനം നടത്താന്‍ അവന് സാധിച്ചു,’ ഷെയ്ന്‍ ബോണ്ട് പറഞ്ഞു.

പഞ്ചാബിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ 34 പന്തില്‍ 48 നേടി നിര്‍ണായകമായ പ്രകടനമാണ് റിയാന്‍ പരാഗ് നടത്തിയത്. ഇതിന് പിന്നാലെ ഈ സീസണില്‍ 500 റണ്‍സ് എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും പരാഗിന് സാധിച്ചിരുന്നു.

പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ രാജസ്ഥാന്‍ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഈ സീസണിലെ രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഇത്. എന്നാല്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തിന് മുമ്പ് തന്നെ സഞ്ജുവും കൂട്ടരും നേരത്തെ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. മെയ് 14ന് നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് 19 റണ്‍സിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് മുന്നേറിയത്.

മെയ് 19ന് ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ രാജസ്ഥാന്റെ അവസാന മത്സരം. ബര്‍സാപുര സ്റ്റേഡിയമാണ് വേദി.

Content Highlight: Shane Bond praises Riyan Parag

We use cookies to give you the best possible experience. Learn more