| Sunday, 16th July 2023, 7:51 am

മോഹന്‍ലാലിന്റെ 'വൃഷഭ'യില്‍ നായികയാവാന്‍ ഷനായ കപൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയില്‍ നായികയാവാന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍. റോഷന്‍ മെകയുടെ പെയര്‍ ആയിട്ടാണ് ചിത്രത്തില്‍ ഷനായ എത്തുന്നത്.

ലുക്ക് കൊണ്ടും സ്‌കില്‍ കൊണ്ടും കഥാപാത്രത്തിന് ചേര്‍ന്ന താരമാണ് ഷനായ എന്ന് സംവിധായകന്‍ നന്ദ കിഷോര്‍ പറഞ്ഞു. സംവിധായകന്‍ എന്ന നിലയില്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം. ഒരുമിച്ച് ജോലി ചെയ്യാന്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്യാമറയുടെ മുന്നില്‍ നില്‍ക്കാനും അഭിനയിക്കാനും താന്‍ കാത്തിരിക്കുകയാണെന്നാണ് ഷാനായ പറഞ്ഞത്. ‘ഈ ചിത്രത്തില്‍ നിന്നും എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഏതൊരു വ്യക്തിക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥാപാത്രമാണിത്. വലിയ താരങ്ങളും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇത് സ്വപ്നം സാക്ഷാത്കരിച്ചത് പോലെയുള്ള നിമിഷമാണ്. മോഹന്‍ലാല്‍ സര്‍ കൂടി ഉണ്ടാവുന്നതോടെ വൃഷഭ എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം,’ ഷനായ പറഞ്ഞു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായാണ് റോഷന്‍ മെക എത്തുന്നത്. 2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയില്‍ ഒരുങ്ങുന്നത്. അച്ഛനും മകനും തമ്മിലുള്ള നാടകീയമായ കഥയാണ് ചിത്രം സംസാരിക്കുന്നത്.

നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. എ.വി.എസ്. സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ് മാതുര്‍ എന്നിവര്‍ ചിത്രം നിര്‍മിക്കുന്നു. പി.ആര്‍.ഒ. – ശബരി

Content Highlight: Shanaya Kapoor to play the female lead in ‘Vrushabha’

We use cookies to give you the best possible experience. Learn more