രണ്ട് ടീമുകള്‍ക്കും 20 വിക്കറ്റ് നേടാന്‍ സാധിക്കുന്ന മികച്ച പിച്ചായിരിക്കും അത്; അവസാന ടെസ്റ്റിനെക്കുറിച്ച് സംസാരിച്ച് ഷാന്‍ മസൂദ്
Sports News
രണ്ട് ടീമുകള്‍ക്കും 20 വിക്കറ്റ് നേടാന്‍ സാധിക്കുന്ന മികച്ച പിച്ചായിരിക്കും അത്; അവസാന ടെസ്റ്റിനെക്കുറിച്ച് സംസാരിച്ച് ഷാന്‍ മസൂദ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th October 2024, 10:13 pm

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. മുള്‍ട്ടാനില്‍ നടന്ന മത്സരത്തില്‍ 152 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും പാകിസ്ഥാനായി.

ഒക്ടോബര്‍ 24നാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ ടെസ്റ്റ് ആരംഭിക്കുന്നത്. റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയമാണ് വാശിയേറിയ പോരാട്ടത്തിന് വേദിയാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു ഹോം ടെസ്റ്റ് സീരീസ് ജയമാണ് പാകിസ്ഥാന് മുമ്പിലുള്ളത്. ഇതേ പ്രകടനം ആവര്‍ത്തിച്ച് നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ പാകിസ്ഥാന് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അവസാന മത്സരത്തിന് മുന്നോടിയായി പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് ഇപ്പോള്‍ സംസാരിച്ചിരിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ സ്പിന്‍ ആക്രമണത്തില്‍ വമ്പന്‍ തിരിച്ചുവരവ് കാഴ്ചവെച്ച പാകിസ്ഥാന്‍ റാവല്‍ പിണ്ടിയിലും സ്പിന്‍ പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ്. മാത്രമല്ല ഇരു ടീമുകള്‍ക്കും വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്ന ബൗളിങ് പിച്ചാവും റാവല്‍പിണ്ടിയിലേതെന്നും മസൂദ് വിശ്വാസം പ്രകടിപ്പിച്ചു.

‘റാവല്‍പിണ്ടിയില്‍ പന്ത് തിരിയുമോ എന്ന് എനിക്കറിയില്ല, അത് മറ്റൊരു പ്രശ്‌നമാണ്. ഞങ്ങള്‍ പരമാവധി നോക്കും, ഗ്രൗണ്ട്‌സ്മാന്‍മാര്‍ ഇതിനകം അവിടെയുണ്ട്, അവര്‍ ഒരു ടെസ്റ്റ് മാച്ച് പിച്ചിനെക്കുറിച്ച് അറിയുന്നവരാണ്, രണ്ട് ടീമുകള്‍ക്കും 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയുന്ന ഒരു മികച്ച ടെസ്റ്റ് വിക്കറ്റ് സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും,’ ഷാന്‍ മസൂദ് പറഞ്ഞു.

രണ്ടാം ടെസ്റ്റിന്റെ മുഴുവന്‍ ക്രഡിറ്റും അര്‍ഹിക്കുന്ന രണ്ട് താരങ്ങള്‍ പുതുമുഖങ്ങളായ സാജിദ് ഖാനും നൊമാന്‍ അലിയുമാണ്. ഇരുവരുടേയും സ്പിന്‍ മാന്ത്രികതയിലാണ് ഇംഗ്ലണ്ട് തകര്‍ന്നത് എന്ന് തന്നെ പറയാം. ഒരു ടെസ്റ്റിലെ ഇരുപത് വിക്കറ്റുകളാണ് ഇരു താരങ്ങളും വീഴ്ത്തിയത്.

ആദ്യ ഇന്നിങ്സില്‍ സാജിദ് ഖാന്‍ ഏഴ് വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ നൊമാന്‍ അലി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ നൊമാന്‍ അലി എട്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സാജിദ് രണ്ട് വിക്കറ്റും നേടി മികച്ച പിന്തുണ നല്‍കി. അവസാന മത്സരത്തിലും സ്പിന്നര്‍മാര്‍ക്ക് മിന്നും പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍ പട.

 

Content Highlight: Shan Sasood Talking About Last Test Match Against England