| Friday, 2nd June 2023, 9:24 pm

ഒറ്റ പാട്ടിന് വേണ്ടി ദുല്‍ഖറാണ് എന്നെ സജസ്റ്റ് ചെയ്തത്; ആ റൊമാന്റിക് ട്രാക്ക് ചെയ്യുമോയെന്ന് ചോദിച്ചു: ഷാന്‍ റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവുമധികം ഹൈപ്പ് കൂടിയ ചിത്രങ്ങളിലൊന്നാണ് കിങ് ഓഫ് കൊത്ത. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രം അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിലെ പാട്ടിനായി സംവിധായകന്‍ തന്നെ വിളിച്ചതിനെ പറ്റി പറയുകയാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. തന്നെ ദുല്‍ഖറാണ് അഭിലാഷിന് നിര്‍ദേശിച്ചതെന്നും കിങ് ഓഫ് കൊത്തയുടെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും ഷാന്‍ പറഞ്ഞു. ഒരു പാട്ടിനായാണ് തന്നെ ആദ്യം വിളിച്ചതെന്നും പിന്നീട് അത് മൂന്നായെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ മൂന്ന് ട്രാക്ക് ആണ് കിങ് ഓഫ് കൊത്തക്ക് വേണ്ടി ചെയ്തത്. എന്റെ പേര് നിര്‍ദേശിച്ചത് ദുല്‍ഖറാണ്. ടെയ്ല്‍ എന്‍ഡില്‍ ഒരു പ്രത്യേക സാഹചര്യമുണ്ട്. അത് ചെയ്യാന്‍ വേണ്ടിയാണ് വിളിച്ചത്. ഇത് നമുക്ക് ഷാനിനെ കൊണ്ട് ചെയ്യിക്കാം എന്ന് ദുല്‍ഖറാണ് പറയുന്നത്.

അഭി എന്നെ വിളിച്ചു. എടോ ഒരു പാട്ട് മാത്രം ചെയ്യുന്നത് കൊണ്ട് തനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു. ജേക്‌സും ഞാനും ഒരുമിച്ച് ഫീല്‍ഡില്‍ വന്ന് വര്‍ക്ക് ചെയ്തിട്ടുള്ളവരാണ്. എനിക്ക് അങ്ങനെ ഒരു പ്രശ്‌നവുമില്ല. ഈ ഒരു പടത്തിന്റെ ഭാഗമാകാന്‍ പറ്റിയല്ലോ, അത് ഞാനൊരു അനുഗ്രഹമായി കാണുന്നു. അങ്ങനെ ആ ഒരു പാട്ട് ഞാന്‍ ചെയ്തുകൊടുത്തു.

അത് കഴിഞ്ഞപ്പോള്‍ ഒരു റൊമാന്റിക് ട്രാക്കുണ്ട്, അത് ചെയ്യുന്നോ എന്ന് ചോദിച്ചു. ട്രൈ ചെയ്യാമെന്ന് പറഞ്ഞു. അതും ഓക്കെയായി. ഒരു ട്രാക്ക് കൂടിയുണ്ട്, അത് ചെയ്യുന്നോ എന്ന് ചോദിച്ചു. ചെയ്തുനോക്കാമെന്ന് പറഞ്ഞു. അതും ഓക്കെയായി. എന്നിട്ട് എന്നോട് മതിയെന്ന് പറഞ്ഞു,’ ഷാന്‍ പറഞ്ഞു.

ഗ്യാങ്സ്റ്ററായി ദുല്‍ഖര്‍ എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുല്‍ സുരേഷ്, രാജേഷ് ശര്‍മ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന് ഇപ്പോള്‍ തന്നെ 400 സ്‌ക്രീനുകള്‍ ലോക്ക് ചെയ്തെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

Content Highlight: shan rahman talks about songs in king of kotha

We use cookies to give you the best possible experience. Learn more