| Sunday, 31st March 2024, 8:39 pm

അവരോട് എനിക്ക് പറയാനുള്ളത് ഞാൻ വിനീതിന് വേണ്ടി മാത്രം പടം ചെയ്യുന്ന ഒരാളല്ല എന്നാണ്: ഷാൻ റഹ്മാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ വലിയ ആരാധകരുള്ള സിങ്ങർ, മ്യൂസിക് ഡയറക്ടർ കോമ്പോയാണ് വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ. ഇരുവരും ചേർന്ന് ഒരുക്കിയ മിക്ക ഗാനങ്ങളും ഹിറ്റ്‌ ചാർട്ടിൽ കയറിയിട്ടുമുണ്ട്. ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ്ബ് മുതൽ, തിര, ജേക്കബിന്റെ സ്വർഗ രാജ്യം, തട്ടത്തിൽ മറയത്ത് തുടങ്ങി ഒന്നിച്ച് വർക്ക് ചെയ്ത എല്ലാ ചിത്രങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അവസാനം ഇറങ്ങിയ ഹൃദയത്തിലും ഇനി റിലീസാവാനിരിക്കുന്ന വർഷങ്ങൾക്ക് ശേഷത്തിലും സംഗീതം ചെയ്തിട്ടുള്ളത് ഷാൻ റഹ്മാനല്ല.

അതിനെ കുറിച്ച് പറയുകയാണ് ഷാൻ റഹ്മാനും വിനീത് ശ്രീനിവാസനും. നിങ്ങളുടെ ബന്ധം ഒരു സിനിമ ബന്ധമല്ലെന്ന് ഷാൻ റഹ്മാൻ പറയുന്നു.


താൻ വിനീതിന് വേണ്ടി മാത്രം പടം ചെയ്യുന്ന ഒരാളല്ലെന്നും ഷാൻ റഹ്മാൻ പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു താരങ്ങൾ.

‘ഞങ്ങളുടെ ബന്ധം എന്ന് പറയുന്നത് ഒരു സിനിമ ബന്ധമല്ല. സിനിമ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ എന്നും ഒന്നിച്ച് തന്നെ ഉണ്ടാവും. ഈ ചോദ്യം എന്നോട് ചോദിക്കുന്നവരോട് ഞാൻ പറയുന്ന ഒരു കാര്യം, ഞാൻ വിനീതിന് വേണ്ടി മാത്രം പടം ചെയ്യുന്ന ഒരാളല്ല എന്നാണ്,’ഷാൻ റഹ്മാൻ പറഞ്ഞു.

ഹൃദയത്തിലും വർഷങ്ങൾക്കുശേഷത്തിലും സംഗീതം ചെയ്തിട്ടില്ലെങ്കിലും ആ സിനിമയിൽ ഷാൻ റഹ്മാനും ഭാഗമാണെന്ന് വിനീത് ശ്രീനിവാസനും പറഞ്ഞു.

‘സത്യത്തിൽ ഞാൻ ചെയ്തിട്ടുള്ള എല്ലാ സിനിമകളിലും ഷാനും ഭാഗമായിട്ടുണ്ട്. ഹൃദയത്തിൽ ഷാൻ പാട്ട് ചെയ്തിട്ടില്ല എന്നേയുള്ളൂ. ഷാനിന്റെ വീട്ടിൽ വച്ച് നമ്മൾ ഒരുപാട് ദിവസം ഹൃദയം ഷൂട്ട് ചെയ്തിട്ടുണ്ട്. അതിൽ അമ്മുവിന്റെ വീടായിട്ട് കാണിച്ചിട്ടുള്ളത് ഷാനിന്റെ വീടാണ്.

ഷാൻ എപ്പോഴും നമ്മുടെ സിനിമയുടെ കൂടെ തന്നെ ഉണ്ടാകും. വർഷങ്ങൾക്കുശേഷത്തിൽ ആണെങ്കിലും ഷാൻ അഭിനയിച്ചിട്ടുണ്ട്. എന്റെ അടുത്ത ചിത്രത്തിൽ ഷാനാണ് സംഗീതം ചെയ്യാൻ പോകുന്നത്. അതിലൂടെ ഞങ്ങൾ വീണ്ടും വരും,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Shan Rahman Talk About Vineeth Sreenivasan

We use cookies to give you the best possible experience. Learn more