| Wednesday, 7th June 2023, 9:59 pm

സിനിമ തിയേറ്ററിൽ ഇറങ്ങിയപ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നു !!! ഇതൊക്കെ കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു: ഷാൻ റഹ്മാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഈ പട്ടണത്തിൽ ഭൂതം’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്ക് വന്നെങ്കിലും ‘തട്ടത്തിൻ മറയത്തിലൂടെയാണ്’ ഷാൻ റഹ്‌മാന്റെ ഗാനങ്ങളെ ശ്രോതാക്കൾ ശ്രദ്ധിക്കാന് തുടങ്ങിയത്. സംഗീത ലോകത്തെ ഓർമകളും വിശേഷങ്ങളും പങ്കുവെക്കുകയാണ് ഷാൻ റഹ്‌മാൻ.

ആട് ഒരു ഭീകര ജീവിയാണെന്ന ചിത്രം ഡി.വി.ഡി വിറ്റാണ് പണം തിരികെ പിടിച്ചതെന്ന് ഷാൻ പറഞ്ഞു. തിയേറ്ററിൽ ഇറങ്ങിയതിനേക്കാൾ സ്വീകാര്യത ഡി.വി.ഡി ഇറങ്ങിയപ്പോൾ കിട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആട്’ തിയേറ്ററിൽ ഇറങ്ങാനിരിക്കുന്നതിന് മുമ്പ് ഞങ്ങളുടെ പ്രതീക്ഷ വളരെ കൂടുതൽ ആയിരുന്നു. പക്ഷെ ഞങ്ങൾ തളർന്ന് പോയി. ഞാനും, മിഥുനും (മിഥുൻ മാനുവൽ തോമസ്), വിജയ് ബാബു ചേട്ടനുമൊക്കെ ചുവന്ന മുണ്ടും കറുത്ത ഷർട്ടും ഇട്ടാണ് സിനിമ കാണാൻ പോയത്. കാരണം വളരെ എൻജോയ് ചെയ്ത്
വർക്ക് ചെയ്ത ചിത്രമാണ്. ഓരോ കഥാപാത്രങ്ങൾക്കും ഓരോ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും, ‘പൊടി പാറക്കണ പൂരമായ്’ എന്ന ഗാനവും ഒക്കെ വന്നപ്പോൾ ഞങ്ങൾ ഒരുപാട് പ്രതീക്ഷിച്ചു.

ചിത്രത്തിന്റെ റിലീസ് ദിവസം ഞങ്ങൾ കുറച്ച് അഹങ്കരിച്ചൊക്കെയാണ് നിന്നത്. അത് നല്ലൊരു പ്രോഡക്റ്റ് ആയിരുന്നെന്ന് ഞങ്ങൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു. പക്ഷെ തിയേറ്ററിൽ കയറിയപ്പോൾ ഞങ്ങൾ ചിരിച്ച രംഗങ്ങളിൽ ഒന്നും മറ്റാരും ചിരിക്കുന്നില്ല. സിനിമ കുറച്ച് ദിവസംകൊണ്ട് കയറി പൊക്കോളും എന്ന് എല്ലാവരും ഞങ്ങളെ സമാധാനിപ്പിച്ചു. പക്ഷെ ഉയർച്ചയുണ്ടായില്ല. അത് ഞങ്ങൾക്ക് ഒരു പാഠമായിരുന്നു,’ ഷാൻ പറഞ്ഞു.

‘ആടിന്റെ’ ഡി.വി.ഡി.കൾ ആളുകൾ സ്വീകരിച്ചപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കാം എന്ന് വിജയ് ബാബു പറഞ്ഞെന്നും ചിത്രത്തിന്റെ പണം തിരിച്ച് പിടിച്ചത് ഡി.വി.ഡി യിൽ നിന്നാണെന്നും ഷാൻ പറഞ്ഞു.

‘ഡി.വി.ഡി. വിറ്റാണ് ആ ചിത്രം പണം ഉണ്ടാക്കിയത്. അന്ന് എന്താ നടക്കുന്നതെന്ന് ഞങ്ങൾക്ക് ആർക്കും മനസിലായില്ല. പടം തിയേറ്ററിൽ ഓടുന്നുമില്ല ഡി.വി.ഡി നന്നായി ഓടുന്നുമുണ്ട്. അപ്പോൾ വിജയ് ചേട്ടൻ പറഞ്ഞു നമുക്ക് ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാമെന്ന്. കാരണം ചിത്രത്തിലെ കോസ്റ്റ്യൂമുകളും, പശ്ചാത്തല സംഗീതവും ആളുകൾക്ക് ഇഷ്ടമായിരുന്നു. സർബത്ത് ഷമീർ എന്ന സർബത്ത് കട വരെ ആളുകൾ തുടങ്ങിയിരുന്നു. ഞാൻ ആളുകളോട് ചോദിച്ചു തിയേറ്ററിൽ സിനിമയിറങ്ങിയപ്പോൾ നിങ്ങളൊക്കെ ഇതെവിടെയായിരുന്നെന്ന്. ഈ സ്നേഹം കുറച്ചുകൂടി നേരത്തെ ആകാമായിരുന്നെന്നും ആലോചിച്ചു,’ ഷാൻ പറഞ്ഞു.

Content Highlights: Shan rahman on Aadu movie

We use cookies to give you the best possible experience. Learn more