Entertainment news
"ശരീരം കുറച്ചാല്‍ അവന് തന്നെ കൊള്ളാം"; അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ഷാന്‍ റഹ്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd February 2023, 11:12 pm

ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ സിനിമയാണ് അടി കപ്യാരെ കൂട്ടമണി. അജു വര്‍ഗീസ്, ധ്യാന്‍ സ്രീനിവാസന്‍, നമിത പ്രമോദ്, നീരജ് മാധവ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ്.

ഓ മൈ ഡാര്‍ലിങ് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനോട് മാധ്യമ പ്രവര്‍ത്തകര്‍ അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചിരുന്നു. ഈ വര്‍ഷമാണോ അടുത്ത വര്‍ഷമാണോ സിനിമ ചെയ്യുന്നതെന്ന് തനിക്ക് സംശയമുണ്ടെന്നാണ് ഷാന്‍ പറഞ്ഞത്.

സിനിമയിലെ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരുമൊക്കെ നേരില്‍ കാണുമ്പോള്‍ മാത്രമാണ് സിനിമയെ കുറിച്ച് സംസാരിക്കുന്നതെന്നും ഷാന്‍ പറഞ്ഞു.

‘അടികപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് നേരില്‍ കാണുമ്പോള്‍ ഞങ്ങളൊക്കെ സംസാരിക്കാറുണ്ട് എന്ന് മാത്രമേയുള്ളു. ആ സിനിമ ഈ വര്‍ഷമാണോ അതോ അടുത്ത വര്‍ഷമാണോ ഉണ്ടാവുക എന്ന കാര്യത്തില്‍ എനിക്കൊരു സംശയമുണ്ട്. അതാണ് അടി കപ്യാരെ കൂട്ടമണിയുടെ അവസ്ഥ,’ ഷാന്‍ റഹ്മാന്‍ പറഞ്ഞു.

ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി ശരീരഭാരം കുറക്കണെമെന്ന് അടുത്തിടെ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അതിനെ കുറിച്ചും ഷാന്‍ റഹ്മാന്‍ സംസാരിച്ചു. അതിന് വേണ്ടിയെങ്കിലും അവന്‍ ശരീരമൊന്ന് കുറക്കട്ടെയെന്നും മെലിഞ്ഞാല്‍ അവന് കൊള്ളാമെന്നും ഷാന്‍ റഹ്മാന്‍ മാധ്യങ്ങളോട് പറഞ്ഞു.

‘അവന്‍ എന്തിനെങ്കിലും വേണ്ടിയിട്ട് ആ ശരീരമൊന്ന് കുറക്കട്ടെ. അവന്‍ മെലിയുമായിരിക്കും. മെലിഞ്ഞാല്‍ അവന് കൊള്ളാം,’ ഷാന്‍ റഹ്മാന്‍ പറഞ്ഞു.

CONTENT HIGHLIGHT: SHAN RAHMAN ABOUT ADI KPYARE KOOTTAMANI