ഹരിപ്പാട്: ആലപ്പുഴയിലെ എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. അഞ്ച് വാളുകളാണ് കണ്ടെടുത്തത്. ചേര്‍ത്തല അരീപ്പറമ്പ് പുല്ലംകുളത്തു നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ അഞ്ചുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. ഇതോടെ 13 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
മണ്ണഞ്ചേരി സ്വദേശി അതുല്‍, അമ്പലപ്പുഴ സ്വദേശികളായ ജിഷ്ണു, വിഷ്ണു, അഭിമന്യു, സാനന്ത് എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി പ്രവര്‍ത്തകരും ഇന്ന് പിടിയിലായിരുന്നു. സുധീഷ്, ഉമേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ വരന്തരപ്പിള്ളിയില്‍ വെച്ചാണ് ആലപ്പുഴ സ്വദേശികളായ ഇരുവരെയും പിടികൂടിയത്. കസ്റ്റഡിയിലായ രണ്ട് പേരും പ്രതികളെ സഹായിച്ചവരാണെന്നാണ് പൊലീസിന്റെ നിഗമനം.
ഇരട്ട കൊലപാതകത്തില്‍ ഇരുവിഭാഗത്തിലും പെട്ട പ്രതികളുടെ പട്ടിക ജില്ല അടിസ്ഥാനത്തില്‍ തയ്യാറാക്കുമെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു.
അതേസമയം, ഇരട്ടക്കൊലപാതകക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണസംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും പറഞ്ഞ എ.ഡി.ജി.പി ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരം പുറത്തുവിടാനായിട്ടില്ലെന്നും അറിയിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയും 19ന് പുലര്‍ച്ചേയുമാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ രാത്രി 7:30തോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിറ്റേദിവസം പുലര്‍ച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Shan murder case: Weapons used in murder found