ഷാന്‍ വധക്കേസ്; മൂന്ന് ആർ.എസ്.എസുകാർക്ക് ജാമ്യം
Kerala News
ഷാന്‍ വധക്കേസ്; മൂന്ന് ആർ.എസ്.എസുകാർക്ക് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th January 2022, 12:44 pm

ആലപ്പുഴ: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷാന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖില്‍, 12ാം പ്രതി തൃശൂര്‍ സ്വദേശി സുധീഷ്, 13ാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രധാനപ്രതികളെ ഒളിവില്‍ കഴിയാന്‍ സാഹായിച്ചവരാണിവര്‍.

ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 15 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഷാനിന്റെ കൊലപാതകം ആര്‍.എസ്.എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ചേര്‍ത്തലയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

അഞ്ചോളം പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇതിനോടകം അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

അതേസമയം, ആലപ്പുഴയിലെ രണ്ട് കൊലക്കേസുകളിലും ആന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ് പൊലീസ്. രഞ്ജിത് വധത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. രണ്‍ജിത് വധക്കേസില്‍ ഇതുവരെ പിടിയിലായവരില്‍ ആറു പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഗൂഢാലോചന ഉള്‍പ്പെടെ പുറത്തുവരണമെങ്കില്‍ പ്രധാന പ്രതികള്‍ മുഴുവന്‍ പിടിയിലാവേണ്ടതുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയും 19ന് പുലര്‍ച്ചേയുമാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ രാത്രി 7:30 ഓടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിറ്റേദിവസം പുലര്‍ച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Shan murder; Bail for three accused