അടിച്ച് ക്യാപ്റ്റന്റെ പുറം പൊളിച്ച് ഇമാം; വേദനയില്‍ അലറിക്കരഞ്ഞ് ഷാന്‍ മസൂദ്; വീഡിയോ
Sports News
അടിച്ച് ക്യാപ്റ്റന്റെ പുറം പൊളിച്ച് ഇമാം; വേദനയില്‍ അലറിക്കരഞ്ഞ് ഷാന്‍ മസൂദ്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th December 2023, 8:25 pm

 

 

പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ 53 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടി ആദ്യ ഇന്നിങ്‌സ് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 487 റണ്‍സിന് പുറത്തായി. സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറിന്റെ കരുത്തിലാണ് ആതിഥേയര്‍ ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

ആദ്യ ദിനത്തില്‍ ലീഡ് നേടാനുള്ള പാക് ശ്രമങ്ങള്‍ക്കാണ് ഒപ്റ്റസ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.

പാക് ഇന്നിങ്‌സിനിടയിലെ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സഹതാരം ഇമാം ഉള്‍ ഹഖിന്റെ ഷോട്ടേറ്റുവീണ പാക് നായകന്‍ ഷാന്‍ മസൂദിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

മത്സരത്തിന്റെ 37ാം ഓവറിലാണ് സംഭവം. നഥാന്‍ ലിയോണെറിഞ്ഞ പന്തില്‍ ഇമാം ഉള്‍ ഹഖ് സ്‌ട്രൈറ്റ് ഷോട്ട് കളിച്ചു. എന്നാല്‍ ഷോട്ടിന്റെ പാതയില്‍ നിന്നും പെട്ടെന്ന് ഒഴിഞ്ഞുമാറാന്‍ ഷാന്‍ മസൂദിന് സാധിച്ചില്ല. ഏകദേശം 115 കിലോമീറ്റര്‍ വേഗതയിലെത്തിയെ പന്ത് താരത്തിന്റെ മുതുകില്‍ കൊള്ളുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.


ഫിസിയോസ് അടക്കമുള്ളവരുടെ പരിശോധനക്ക് ശേഷം ക്രീസിലേക്ക് മടങ്ങിയെത്തിയ ഷാന്‍ മസൂദ് മികച്ച രീതിയില്‍ ബാറ്റ് വീശവെ 30 റണ്‍സിന് പുറത്താവുകയായിരുന്നു.

മസൂദിന് പുറമെ ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്റെ വിക്കറ്റാണ് പാകിസ്ഥാന് 121 പന്തില്‍ നിന്നും 42 റണ്‍സാണ് ഷഫീഖ് സ്വന്തമാക്കിയത്.

136 പന്തില്‍ നിന്നും 38 റണ്‍സുമായി ഇമാം ഉള്‍ ഹഖും 18 പന്തില്‍ ഏഴ് റണ്‍സുമായി ഖുറാം ഷഹസാദുമാണ് ക്രീസില്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി വാര്‍ണര്‍ 211 പന്തില്‍ നിന്നും 164 റണ്‍സ് നേടിയ താരത്തിന്റെ 26ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. മിച്ചല്‍ മാര്‍ഷ് (90), ഉസ്മാന്‍ ഖവാജ (41), ട്രാവിസ് ഹെഡ് (40) എന്നിവരാണ് ഓസീസിന്റെ മറ്റ് റണ്‍ ഗെറ്റേഴ്‌സ്.

പാകിസ്ഥാനായി അരങ്ങേറ്റക്കാരന്‍ ആമിര്‍ ജമാല്‍ ആറ് വിക്കറ്റ് വീഴ്ത്തി. ഖുറാം ഷഹസാദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രിദിയും ഫഹീം അഷ്‌റഫും ചേര്‍ന്നാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

 

Content Highlight:  Shan Masood hit by Imam-ul-Haq’s powerful shot