അമുസ്‌ലീങ്ങളെ നോക്കരുതെന്ന് പറഞ്ഞത് പച്ചക്കള്ളം ; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശംസുദ്ദീന്‍ പാലത്ത്
Daily News
അമുസ്‌ലീങ്ങളെ നോക്കരുതെന്ന് പറഞ്ഞത് പച്ചക്കള്ളം ; മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശംസുദ്ദീന്‍ പാലത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th September 2016, 12:24 pm

സോഷ്യല്‍മീഡിയകളിലൂടെ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കളമാണെന്ന് ശംസുദ്ദീന്‍ പാലത്ത്.

മുസ്‌ലീങ്ങളല്ലാത്തവരോട് ചിരിക്കന്നത് പോലും സൂക്ഷിച്ചുവേണം എന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്ത പച്ചക്കള്ളമാണെന്നും ശംസുദ്ദീന്‍ പാലത്ത് പറയുന്നു.

താന്‍ പറഞ്ഞതിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിക്കുന്നതിന് മുന്‍പാണ് പല മാധ്യമങ്ങളും ഇത്തരമൊരു വാര്‍ത്ത കൊടുത്തത്.

മുസ്‌ലീംങ്ങളോട് നീതി കാണിക്കണമെന്നും അവരെ വഞ്ചിക്കാന്‍ പാടില്ലന്നും, അവരോട് നന്മയില്‍ വര്‍ത്തിക്കണമെന്നുമുള്ള ഇസ്‌ലാമിന്റെ കല്‍പ്പനകളും ആണ് താന്‍ പ്രസംഗത്തില്‍ പറയുന്നത്. അതേസമയത്ത് ഇസ്‌ലാമിനെ ആക്രമിക്കാനും മുസ്‌ലീങ്ങളെ ദ്രോഹിക്കാനും ശ്രമിക്കുന്ന കടുത്ത ഫാസിസ്റ്റ് നിലപാടുകളുള്ള അക്രമികളായ ആളുകളോട് സ്വീകരിക്കേണ്ട നിലപാടും വ്യക്തമാക്കിയിരുന്നു. ഇത് രണ്ടും വേര്‍തിരിച്ച് തന്നെ യാണ് സംസാരിച്ചത്. എന്നാല്‍ സംസാരം മുഴുവന്‍ കേള്‍ക്കാതെ അതിന്റെ ഒരുപാട് വശങ്ങള്‍ മറച്ചവെച്ചുകൊണ്ട് കളവുകള്‍ കൂട്ടിച്ചേര്‍ത്താണ് വാര്‍ത്ത പ്രചരിപ്പിച്ചത്.


Read More :‘അമുസ്‌ലിംങ്ങളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ച് മതി’ ; കടുത്ത വര്‍ഗീയ നിലപാടുകളുമായി സലഫി പണ്ഡിതന്‍


സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി താന്‍ മനസില്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ച് വിശദീകരിച്ച് എന്റെ തലയില്‍ കെട്ടിവെയ്ക്കുകയായിരുന്നു.

ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ മൗദൂദികളാണ്. അവരാണ് തീവ്രവാദത്തിന് പിന്നിലെന്ന കാര്യം നേരത്തെ തന്നെ വ്യക്തമായതാണ്.
തങ്ങളുടെ തീവ്രവാദമുഖം മറച്ചുവെക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ സലഫികളുടെ തലയില്‍ ഇത് കെട്ടിവെക്കുന്നത്.


Dont Miss തീവ്രവാദത്തിന് പിന്നില്‍ സലഫിസം: സി.പി.ഐ.എം അനുകൂല വേദിയിലെ മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പി. ജയരാജന്‍


ഐസിസില്‍ നിന്ന് ആശയങ്ങള്‍ പകരുന്നവരാണ് എന്ന ആരോപണം വരെ ഇവര്‍ ഉന്നയിച്ചുകഴിഞ്ഞു. ഇത് പച്ചക്കള്ളമാണ്. ഐസിസിനെതിരെ ശക്തമായ നിലപാടാണ് ലോകത്തുള്ള സലഫികള്‍ എടുത്തത്. കേരളത്തിലെ സലഫികളും അങ്ങനെയാണ്.

ഐസിസിനെതിരായ പല പ്രഭാഷണങ്ങളും ഫത്‌വകളും മലയാലത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ച വ്യക്തിയാണ് താനെന്നും ശംസുദ്ദീന്‍ പാലത്ത് പറയുന്നു. ഇത്തരം പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും ശംസുദ്ദീന്‍ പാലത്ത് പറഞ്ഞു.

കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്‍ക്കൊള്ളുന്ന ശംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗം ഓഡിയോ സഹിതം ഡൂള്‍ന്യൂസ് ആണ് ആദ്യം വാര്‍ത്തയായി പുറത്തുവിട്ടിരുന്നത്. രണ്ട് ക്ലിപ്പുകളിലായി ഏകദേശം മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള പ്രസംഗം ഓഡിയോയായി ഡൂള്‍ന്യൂസ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരുന്നു.