| Friday, 19th August 2022, 8:19 am

ഷംഷേരക്ക് ഒ.ടി.ടിയിലും രക്ഷയില്ല; മടുപ്പിക്കുന്ന ചിത്രമെന്ന് പ്രേക്ഷകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ ചിത്രമായിരുന്നു രണ്‍ബീര്‍ കപൂര്‍ നായകനായ ഷംഷേറ. എന്നാല്‍ സമീപകാലത്ത് ബോളിവുഡിനെ ബാധിച്ച നിര്‍ഭാഗ്യം ഷംഷേരയേയും പിടികൂടിയിരുന്നു. സമ്മിശ്രപ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ഷംഷേര 2022ലെ ബോളിവുഡിലെ ഏറ്റവും വലിയ പരാജയമാണ് തിയേറ്ററില്‍ ഏറ്റുവാങ്ങിയത്.

ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ റിലീസ് ചെയ്ത 90 ശതമാനം തിയേറ്ററുകളില്‍ നിന്നും ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നു.

ഇപ്പോഴിതാ തിയേറ്റര്‍ പരാജയത്തിന് ശേഷം ഷംഷേര ഒ.ടി.ടിയില്‍ എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ചിത്രം ഒ.ടി.ടിയിലും കണ്ടിരിക്കാന്‍ സാധിക്കുന്നില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

മടുപ്പിക്കുന്ന കഥയും, കണ്ട് മടുത്ത ക്ലീഷേയുമാണ് ചിത്രമെന്ന് പറയുന്നവരുമുണ്ട്. സ്ട്രീമിങ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒ.ടി.ടിയിലും ചിത്രത്തിന് ലഭിക്കുന്നത് മോശം അഭിപ്രായമാണ്.

150 കോടി മുതല്‍ മുടക്കില്‍ എത്തിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 60 കൊടിയോളം രൂപ മാത്രമായിരുന്നു നേടിയിരുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ പരാജയം കണക്കിലെടുത്ത് നിശ്ചയിച്ചതിലും നേരത്തെ ചിത്രം ഒ.ടി. ടി റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

1800 കളില്‍ ജീവിച്ച് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ നേതാവിന്റെ കഥയാണ് ഷംഷേര പറയുന്നത്. വാണി കപൂറാണ് ചിത്രത്തില്‍ നായികായി എത്തിയത്.

യശ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കരണ്‍ മല്‍ഹോത്രയാണ്. തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയപ്പെടുന്ന യശ് രാജ് ഫിലിംസിന്റെ ആറാമത്തെ ചിത്രമായിരിന്നു ഷംഷേര. ആലിയ ഭട്ട് നായികയാകുന്ന ബ്രഹ്മാസ്ത്രയാണ് രണ്‍ബീര്‍ കപൂറിന്റെ അടുത്ത ചിത്രം. 300 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്.

Content Highlight: Shamshera getting  negative reviews after Ott  Streaming

We use cookies to give you the best possible experience. Learn more