കേരളം കിരീടം നേടിയാല്‍ ഇരട്ടിമധുരം; സന്തോഷ് ട്രോഫി ടീമിനെയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച ഓഫര്‍
Sports News
കേരളം കിരീടം നേടിയാല്‍ ഇരട്ടിമധുരം; സന്തോഷ് ട്രോഫി ടീമിനെയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച ഓഫര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd May 2022, 3:44 pm

സന്തോഷ് ട്രോഫിയില്‍ തങ്ങളുടെ ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരള ടീമിന് വമ്പന്‍ ഓഫറുമായി പ്രവാസി വ്യവസായി ഡോ. ഷംഷീര്‍ വയലില്‍. ഫൈനലില്‍ ബംഗാളിനെ തോല്‍പിച്ച് കിരീടത്തില്‍ മുത്തമിട്ടാല്‍ ഒരു കോടി രൂപയാണ് കേരളാ ടീമിന് ഷംഷീറിന്റെ വാഗ്ദാനം.

ഫേസ്ബുക്കിലൂടെയാണ് ഷംഷീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫൈനലില്‍ കരുത്തരായ ബംഗാളിനെ നേരിടാനിറങ്ങുന്ന കേരളാ ടീമിനും ആരാധകര്‍ക്കും ഒരുപോലെ ആവേശം നല്‍കുന്ന വാര്‍ത്തയാണിത്.

മലപ്പുറത്തിന്റെ മണ്ണിലാണ് ഫൈനല്‍ എന്നതും കേരളത്തെ സംബന്ധിച്ച് ഏറ്റവും വലിയ അനുകൂല ഘടകമാണ്. ആര്‍ത്തിരമ്പുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവര്‍ക്കാവശ്യമുള്ളത് നല്‍കാന്‍ തന്നെയാണ് കേരളം കച്ച കെട്ടിയിറങ്ങുന്നത്.

രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരളവും 33ാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബംഗാളും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം 2-0ന് ബംഗാളിന് തോല്‍പിച്ചിരുന്നു. എന്നാല്‍ അതിന്റെ ആലസ്യങ്ങളൊന്നുമില്ലാതെയാവും ഇന്ത്യന്‍ ഫുട്‌ബോളിന്റെ വശ്യതയാവാഹിച്ച ബംഗാള്‍ തിങ്കളാഴ്ച മൈതാനത്തിറങ്ങുന്നത്.

3-0ന് മണിപ്പൂരിനെ തകര്‍ത്താണ് ബംഗാള്‍ ഫൈനലിലെത്തിയതെങ്കില്‍ കര്‍ണാടകയെ 7-3ന് നിഷ്പ്രഭമാക്കിയായിരുന്നു കേരളം കലാശപ്പോരാട്ടത്തിലേക്ക് മാര്‍ച്ചു ചെയ്തത്.

ഇത് കേരളത്തിന്റെ 15ാം ഫൈനലാണ്. 2018ലായിരുന്നു കേരളം അവസാനമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്, അന്നും എതിരാളികള്‍ ബംഗാളായിരുന്നു. ഇതിന് മുമ്പ് 2004, 2001, 1993, 1992, 1973 എന്നീ വര്‍ഷങ്ങളിലായിരുന്നു കേരളം കിരീടം നേടിയത്. എട്ടു തവണ റണ്ണറപ്പുമായിരുന്നു.

33ാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ബംഗാളിന്റെ 46ാമത് ഫൈനലാണ് മഞ്ചേരിയിലേത്. ഇതില്‍ 32 തവണ കപ്പുയര്‍ത്തുകയും 13 തവണ നിരാശപ്പെടേണ്ടി വരികയും ചെയ്തിരുന്നു.

ഇത് നാലാം തവണയാണ് ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. മൂന്ന് തവണയും ഷൂട്ടൗട്ടിലായിരുന്നു കളിയുടെ വിധി നിര്‍ണയിച്ചത്.

1989ല്‍ ഗുവാഹത്തിയിലും 1994ല്‍ കട്ടക്കിലും വെച്ച് ബംഗാള്‍ കേരളത്തെ പരാജയപ്പെടുത്തി കിരീടം നേടിയപ്പോള്‍, 2018ല്‍ ബംഗാളിന്റെ ഹോംഗ്രൗണ്ടില്‍ വെച്ചുതന്നെ പരാജയപ്പെടുത്തിയായിരുന്നു കേരളം കിരീടം ചൂടിയത്.

Content highlight: Shamsheer Vayalil announces 1 Cr for Kerala Santhosh Trophy team if they wins in Finals