| Thursday, 12th August 2021, 6:34 pm

മാനുവല്‍ ഫ്രെഡറിക്കിന് 10 ലക്ഷ രൂപ പാരിതോഷികം നല്‍കി ഷംസീര്‍ വയലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: പി.ആര്‍ ശ്രീജേഷിന് പിന്നാലെ മുന്‍ ഒളിംപിക് മെഡല്‍ ജേതാവും ഹോക്കി താരവുമായ മാനുവല്‍ ഫ്രെഡറിക്കിനും പാരിതോഷികം പ്രഖ്യാപിച്ച് വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍.

ശ്രീജേഷിന് നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ പാരിതോഷികം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു ഫ്രെഡറിക്കിനും അപ്രതീക്ഷിതമായി സമ്മാനം പ്രഖ്യാപിച്ചത്.

ഷംസീര്‍ വയലില്‍ 10 ലക്ഷം രൂപയാണ് ഫ്രെഡറിക്കിന് സമ്മാനിച്ചത്. ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ശ്രീജേഷാണ് ഫ്രെഡറിക്കിന്റെ സമ്മാനത്തിന്റെ കാര്യം വെളിപ്പെടുത്തിയത്.

അപ്രതീക്ഷിത പ്രഖ്യാപനത്തിന് ശ്രീജേഷിനെ ചേര്‍ത്തുപിടിച്ച് മാനുവല്‍ ഫ്രെഡറിക്ക് നന്ദി പറഞ്ഞു.

കേരളത്തിലേക്ക് ആദ്യമായി ഒരു ഒളിംപിക് മെഡല്‍ എത്തുന്നത് 1972 ലാണ്. ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ ഗോള്‍കീപ്പറായിരുന്ന മാനുവല്‍ ഫ്രെഡറിക്ക് എന്ന കണ്ണൂരുകാരനിലൂടെ.

49 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു മെഡല്‍ മലയാളക്കരയിലെത്തുന്നത് ഹോക്കിയിലൂടെ തന്നെ. ഗോള്‍ പോസ്റ്റിന് മുന്നില്‍ വന്‍മതിലായി ഉറച്ചു നിന്ന് പൊരുതിയ പി.ആര്‍ ശ്രീജേഷ് രാജ്യത്തിനാകെ അഭിമാനമായ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

കേരളത്തിലെ ഹോക്കി തല്‍പ്പരര്‍ക്ക് പ്രേരണയാകാനാണ് ശ്രീജേഷിനുള്ള സ്‌നേഹസമ്മാനമെന്ന് ഷംഷീര്‍ വയലില്‍ പറഞ്ഞു.

”കായികമേഖലയിലെ രണ്ട് തലമുറയില്‍പ്പെട്ട പ്രമുഖരെ ഒരേ വേദിയിലെത്തിച്ച് ആദരിക്കാനായത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. ഇപ്പോഴത്തെ നേട്ടങ്ങള്‍ക്ക് അടിത്തറപാകിയത് മുന്‍ തലമുറയുടെ കഠിനാധ്വാനവും നേട്ടങ്ങളും കൂടിയാണ്. ഹോക്കിയ്ക്ക് കൈവന്നിരിക്കുന്ന ഉണര്‍വിലൂടെയും പുത്തന്‍ പ്രചോദനത്തിലൂടെയും നേട്ടങ്ങളുടെ തുടര്‍ച്ചയുണ്ടാവട്ടെ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് 2 കോടി രൂപ പാരിതോഷികവും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shamseer Vayalil PR Sreejesh Manuel Fedric Tokyo Olympics

We use cookies to give you the best possible experience. Learn more