തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാമര്‍ശത്തിലൂടെ സംഘപരിവാറിന്റെ ശാസ്ത്ര വിരുദ്ധ സമീപനത്തെ വിമര്‍ശിക്കുകയാണ് ചെയ്തതെന്ന് ഡി.വൈ.എഫ്.ഐ. ശാസ്ത്രത്തോടും ചരിത്രത്തോടുമുള്ള ഭയം ഫാസിസ്റ്റ് ശക്തികള്‍ക്ക് പണ്ടേ ഉള്ളതാണെന്നും സംഘപരിവാറിന്റെ ശാസ്ത്ര വിരുദ്ധത ഒരു പുതിയ കാര്യവുമല്ലെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ പറയുന്നു.
ശാസ്ത്രീയ ചിന്തകളേയും സാമാന്യ ബോധത്തേയും ഭയപ്പെടുന്ന യുവമോര്‍ച്ച പേര് മാറ്റി ഭയമോര്‍ച്ചയായി പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും ശാസ്ത്രീയ ചിന്തകള്‍ പങ്കുവെച്ചതിന് എ.എന്‍ ഷംസീറിനെതിരെ കൊലവിളി നടത്തുന്ന സംഘപരിവാറിന്റെ അജണ്ട തിരിച്ചറിഞ്ഞ് പുരോഗമന ജനാധിപത്യ കേരളം പ്രതിരോധം സൃഷ്ടിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
‘പൊതു വിദ്യാഭ്യാസ മേഖലയേയും ഉന്നത വിദ്യാഭ്യാസമേഖലയേയും അശാസ്ത്രീയവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങളിലൂടെ കാവിയണിയിക്കാന്‍ അവര്‍ ശ്രമിക്കുന്നതും ഏറ്റവുമൊടുവില്‍ പരിണാമ സിദ്ധാന്തം പോലും സിലബസില്‍ നിന്ന് വെട്ടി മാറ്റിയതും നമ്മള്‍ കണ്ടതാണ്.
പശുവിന്റെ ചാണകത്തില്‍ സ്വര്‍ണവും പ്ലൂട്ടോണിയവുമുണ്ടെന്ന് ഗവേഷണം നടത്തുന്നതും, ഗോമൂത്രം വിശുദ്ധ ഉല്‍പന്നമായി കണ്ട് വില്‍ക്കാന്‍ അനുമതി നല്‍കുന്നതുമൊക്കെ ഈ ഗവണ്മെന്റിന്റെ കീഴിലാണ്. അതോടൊപ്പം പുഷ്പക വിമാനം ആദ്യത്തെ വിമാനമാണെന്നും, ആനയുടെ തല ഗണപതിക്ക് നല്‍കിയത് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ആണെന്നുമൊക്കെ രാജ്യ പ്രധാനമന്ത്രി തന്നെ ഗൗരവമേറിയ പൊതു പരിപാടിയില്‍ പ്രസംഗിച്ചതും നമുക്ക് മുന്‍പിലുണ്ട്.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്ര-പൗര സമൂഹം ഇന്ത്യയില്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന ഈ ശാസ്ത്രവിരുദ്ധതയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കുട്ടികള്‍ക്കായുള്ള ഒരു പൊതുപരിപാടിയില്‍ ഈ ശാസ്ത്ര വിരുദ്ധ സമീപനത്തെയാണ് വിമര്‍ശിച്ചത്,’ പ്രസ്താവനയില്‍ പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം നാം നടന്ന് കയറിയ ഓരോ പുരോഗതിക്കും പിന്നില്‍ ശാസ്ത്രീയ അന്വേഷണ ത്വരയുടെ സംഭാവനകളുണ്ടെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. അത്തരം ആശയം പങ്കു വെച്ച കാരണത്തില്‍ എ.എന്‍ ഷംസീറിനെ വേട്ടയാടാനുള്ള സംഘപരിവാര്‍ നീക്കം കേരളത്തില്‍ വക വച്ച് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശാസ്ത്രത്തോടും ചരിത്രത്തോടുമുള്ള ഭയം ഫാസിസ്റ്റ് ശക്തികള്‍ക്ക് പണ്ടേ ഉള്ളതാണ്. സംഘപരിവാറിന്റെ ശാസ്ത്ര വിരുദ്ധത ഒരു പുതിയ കാര്യവുമല്ല. പൊതു വിദ്യാഭ്യാസ മേഖലയേയും ഉന്നത വിദ്യാഭ്യാസമേഖലയേയും അശാസ്ത്രീയവും വസ്തുതാ വിരുദ്ധവുമായ കാര്യങ്ങളിലൂടെ കാവിയണിയിക്കാന്‍ അവര്‍ ശ്രമിക്കുന്നതും ഏറ്റവുമൊടുവില്‍ പരിണാമ സിദ്ധാന്തം പോലും സിലബസില്‍ നിന്ന് വെട്ടി മാറ്റിയതും നമ്മള്‍ കണ്ടതാണ്.
പശുവിന്റെ ചാണകത്തില്‍ സ്വര്‍ണവും പ്ലൂട്ടോണിയവുമുണ്ടെന്ന് ഗവേഷണം നടത്തുന്നതും, ഗോമൂത്രം വിശുദ്ധ ഉല്‍പന്നമായി കണ്ട് വില്‍ക്കാന്‍ അനുമതി നല്‍കുന്നതുമൊക്കെ ഈ ഗവണ്മെന്റിന്റെ കീഴിലാണ്. അതോടൊപ്പം പുഷ്പക വിമാനം ആദ്യത്തെ വിമാനമാണെന്നും, ആനയുടെ തല ഗണപതിക്ക് നല്‍കിയത് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ആണെന്നുമൊക്കെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഗൗരവമേറിയ പൊതു പരിപാടിയില്‍ പ്രസംഗിച്ചതും നമുക്ക് മുന്‍പിലുണ്ട്.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്ര-പൗര സമൂഹം ഇന്ത്യയില്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന ഈ ശാസ്ത്രവിരുദ്ധതയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കുട്ടികള്‍ക്കായുള്ള ഒരു പൊതുപരിപാടിയില്‍ ഈ ശാസ്ത്ര വിരുദ്ധ സമീപനത്തെയാണ് വിമര്‍ശിച്ചത്.
അതില്‍ ഒരു മത വിശ്വാസിക്കും പ്രയാസം തോന്നേണ്ട ഒന്നും തന്നെയില്ല. സംഘപരിവാറുകാര്‍ അല്ലാതെ സാമാന്യ ബുദ്ധിയുള്ള ഒരു മത വിശ്വാസിയും വിമാനം ആദ്യമായി പറത്തിയത് റൈറ്റ് സഹോദരന്മാര്‍ എന്നതിന് പകരം പുഷ്പക വിമാനത്തിന്റെ കഥ എവിടെയും പറയില്ല. വിശ്വാസവും, മിത്തും, പ്രായോഗിക ശാസ്ത്രവുമൊക്കെ വേര്‍തിരിച്ചു കാണാനുള്ള ബോധം കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്കുണ്ട്.
പൗരന്മാരില്‍ സയന്റിഫിക്ക് ടെംബര്‍ വര്‍ദ്ധിപ്പിക്കാനുള്ള ചുമതല നമ്മുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 ലെ മൗലിക കര്‍ത്തവ്യങ്ങള്‍ പ്രകാരം ഓരോ പൗരനുമുണ്ട്. സ്വാതന്ത്ര്യാനന്തരം നാം നടന്ന് കയറിയ ഓരോ പുരോഗതിക്കും പിന്നില്‍ ഈ ശാസ്ത്രീയ അന്വേഷണ ത്വരയുടെ സംഭാവനകളുമുണ്ട്. അതിനാല്‍ അത്തരം ആശയം പങ്കു വെച്ച കാരണത്തില്‍ എ.എന്‍ ഷംസീറിനെ വേട്ടയാടാനുള്ള സംഘപരിവാര്‍ നീക്കം കേരളത്തില്‍ വക വച്ച് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ശാസ്ത്രീയ ചിന്തകളേയും സാമാന്യ ബോധത്തേയും ഭയപ്പെടുന്ന യുവമോര്‍ച്ച പേര് മാറ്റി ഭയമോര്‍ച്ചയായി പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും ശാസ്ത്രീയ ചിന്തകള്‍ പങ്കുവെച്ചതിന് എ.എന്‍ ഷംസീറിനെതിരെ കൊലവിളി നടത്തുന്ന സംഘപരിവാറിന്റെ അജണ്ട തിരിച്ചറിഞ്ഞ് പുരോഗമന ജനാധിപത്യ കേരളം പ്രതിരോധം സൃഷ്ടിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
CONTENT HIGHLIGHTS: Shamseer criticized the Sangh Parivar’s anti-science approach; No hunting allowed: DYFI