| Wednesday, 31st January 2024, 12:45 pm

അദ്ദേഹം ഗംഭീരമായാണ് ടീമിനെ നയിക്കുന്നത്, അദ്ദേഹം യഥാര്‍ത്ഥ ലീഡറാണ്: ഷംസ് മുലാനി

സ്പോര്‍ട്സ് ഡെസ്‌ക്

2023/24 രഞ്ജി ട്രോഫി നടന്നുകൊണ്ടിരിക്കുകയാണ്. മുംബൈയുടെ ഇടംകയ്യന്‍ സ്പിന്നര്‍ ഷാംസ് മുലാനി തങ്ങളുടെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനയെക്കുറിച്ച് സംസാരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ രഹാനെയുടെ മികച്ച ലീഡര്‍ഷിപ്പ് ടീമിനും താരങ്ങള്‍ക്കും പ്രചോദനമാണെന്നാണ് താരം അഭിപ്രായപ്പെട്ടത്.

ബാറ്റിങ്ങില്‍ അദ്ദേഹം വെല്ലുവിളികള്‍ നേരിട്ടെങ്കിലും ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം ടീമിന് വലിയ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ടെന്ന് താരം ചൂണ്ടിക്കാണിച്ചു. 2020/21 ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിജയിച്ചത് രഹാനയുടെ മികച്ച നേതൃത്വത്തിന്റെ തെളിവാണ്.

നിലവില്‍ മുംബൈയുടെ വൈസ് ക്യാപ്റ്റനാണ് മുലാനി. അടുത്തിടെ ഉത്തര്‍പ്രദേശുമായി നടന്ന മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് മാറിനിന്ന രഹാനക്ക് പകരം മുലാനി ക്യാപ്റ്റന്‍സി ഏറ്റെടുത്തിരുന്നു.

‘അജിക്യ രഹാനെ യഥാര്‍ത്ഥത്തില്‍ തന്റെ ടീം അംഗങ്ങള്‍ക്ക് വേണ്ടി മികച്ച പ്രകടനമാണ് ലീഡര്‍ഷിപ്പില്‍ നടത്തുന്നത്. അദ്ദേഹം യഥാര്‍ത്ഥ ലീഡറാണ്. അദ്ദേഹത്തെ പോലുള്ള ഒരു താരത്തിന്റെ കീഴില്‍ ടെസ്റ്റ് കളിക്കുന്നത് വിലമതിക്കാനാവാത്ത ഒരു എക്‌സ്പീരിയന്‍സ് ആണ്. അദ്ദേഹം ഗംഭീരമായാണ് ടീമിനെ നയിക്കുന്നത്. അദ്ദേഹം ചെയ്യുന്ന കര്‍തവ്യം എന്താണെന്ന് വ്യക്തമായിട്ട് അദ്ദേഹത്തിന് അറിയാം,’മുലാനി പറഞ്ഞു.

നിലവില്‍ മുംബൈ രഞ്ജി ട്രോഫിയിലെ ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്. ഒരു മത്സരത്തില്‍ തോല്‍വിയും വഴങ്ങി എലീറ്റ് ഗ്രൂപ്പിലെ ബി ഡിവിഷനില്‍ 20 പോയിന്റുമായി മുംബൈ മുന്നിലാണ്.

41 രഞ്ജി ട്രോഫി ടൈറ്റില്‍ സ്വന്തമാക്കിയ ടീമാണ് മുംബൈ. ഏറ്റവും കൂടുതല്‍ രഞ്ജി ട്രോഫി നേടിയ ബഹുമതിയും ടീമിന് തന്നെ. എട്ട് രഞ്ജി ട്രോഫി വിജയം സ്വന്തമാക്കിയ കര്‍ണാടകയാണ് രണ്ടാം സ്ഥാനത്തുള്ളത്.

Content Highlight: Shams Mulani Talks About Ajinkya Rahane

We use cookies to give you the best possible experience. Learn more