ദൃശ്യം 2 തെലുങ്ക് സിനിമയുടെ ലൊക്കേഷനിൽ തന്റെ പേര് തെറ്റിദ്ധരിക്കപ്പെട്ടിരുന്നെന്ന് ഷംന കാസിം. മലയാളികൾക്ക് പൂർണ്ണ എന്ന തന്റെ പേര് അറിയില്ലായിരുന്നെന്നും കാരവനിന്റെ മുൻപിൽ ഷംന എന്ന പേര് ഇല്ലാത്തതുകൊണ്ട് ഒരു ദിവസം താൻ ലൊക്കേഷനിൽ വന്നിട്ടില്ലായെന്ന് മലയാളികൾ കരുതിയെന്നും ഷംന പറഞ്ഞു.
സിനിമയിലെ അഭിനേതാക്കളുടെ ഫോട്ടോയിൽ തന്റെ ചിത്രത്തിന് നേരെ പൂർണ്ണ എന്നുള്ള പേരായതുകൊണ്ട് സംവിധായകൻ ജീത്തു ജോസഫിന് മനസിലായില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയാണ് തനിക്ക് പൂർണ എന്ന പേര് ഉണ്ടെന്ന കാര്യം പറഞ്ഞതെന്നും ഷംന പറയുന്നുണ്ട്. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമാ ഇൻഡസ്ട്രിയിൽ എനിക്ക് സപ്പോർട്ട് കുറവാണ് എന്ന് പറയാൻ പറ്റില്ല. കുട്ടനാടൻ ബ്ലോഗിൽ വർക്ക് ചെയ്യുമ്പോൾ ഞാൻ അവിടെ വളരെ കംഫർട്ടബിൾ ആയിരുന്നു. വേറെയുള്ള ഭാഷയിൽ വർക്ക് ചെയ്യുമ്പോൾ അവിടെയും ഞാൻ കംഫർട്ടാണ്. ഓരോ സ്ഥലത്ത് അതിന്റേതായ കംഫർട്ടുണ്ട്.
നമ്മൾ കൂടുതൽ വർക്ക് ചെയ്യുന്ന സ്ഥലത്ത്, നമുക്ക് നല്ല കോൺഫിഡൻസ് ആയിരിക്കും. തെലുങ്കിൽ പോയി അഭിനയിക്കുമ്പോഴും തമിഴിൽ പോയി അഭിനയിക്കുമ്പോഴും എന്താണെന്നറിയില്ല ഒരു ടെൻഷനും ഇല്ലാതെ ഫ്രീ ആയിട്ട് അഭിനയിച്ച് വരും. പെട്ടെന്ന് മലയാളം വരുമ്പോൾ ഒരു ടെൻഷനാണ്. ഇവിടെ കൂടുതൽ വർക്ക് ചെയ്യാത്തതുകൊണ്ടായിരിക്കും. ദൃശ്യം 2 വിന്റെ തെലുങ്ക് ഞാൻ ചെയ്തപ്പോൾ, ജീത്തു സാർ തന്നെയായിരുന്നു അവിടെയും ചെയ്തിരുന്നത്.
അവിടെ ഒരു ടീം മലയാളീസും ബാക്കിയൊക്കെ തെലുങ്കും ആയിരുന്നു. കാരവന്റെ ഫ്രണ്ടിൽ പൂർണ എന്ന് എഴുതിയിട്ടുണ്ട്. ജീത്തു ചേട്ടൻ ‘ഷംനയെ വിളിച്ചിട്ട് വാ’ എന്ന് പറഞ്ഞു. വിളിക്കാൻ വരുന്ന ആള് മലയാളിയായിരുന്നു. കാരവന്റെ മുൻപിൽ വന്നിട്ട് ഷംന എന്ന പേര് നോക്കുമ്പോൾ അവിടെ എവിടെയും എൻറെ പേരില്ല എന്ന് പറഞ്ഞ് തിരിച്ചു പോവുകയാണ്.
‘ഷംന ഇന്ന് വന്നിട്ടില്ല’ എന്നവൻ പോയി പറഞ്ഞു. കോർട്ട് സീനാണ് നടക്കുന്നത്. ‘ഷംന വരാതെ എങ്ങനെയാണ് ഈ സീൻ നടക്കുന്നത് വന്നിട്ടുണ്ടാകും’, എന്ന് ജീത്തു ചേട്ടൻ പറഞ്ഞു. ഇവിടെ മലയാളീസിന്റെ ഇടയിൽ ഡിസ്കഷൻ നടക്കുകയാണ് ഷംന എന്നുള്ള പേരെ അവിടെയില്ല എന്ന്. അവൾക്ക് അവിടെ വേറൊരു പേരുണ്ട് എന്ന് പറഞ്ഞു.
സിനിമയിലുള്ള എല്ലാവരുടെയും ഫോട്ടോ അയച്ചപ്പോൾ, എന്റെ ഫോട്ടോയുടെ സൈഡിൽ പൂർണ എന്ന പേരായിരുന്നു. ജീത്തു സാറും വൈഫും ഓരോ ഫോട്ടോയും നോക്കി സ്ക്രോൾ ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു ‘ഈ കുട്ടിയെ കാണാൻ ഷംനയെ പോലെയുണ്ട്’എന്ന്. ‘അത് ഷംനയാണ് അവരുടെ അവിടെയുള്ള പേര് പൂർണ എന്നാണ്’ എന്ന് വൈഫ് അദ്ദേഹത്തോട് പറഞ്ഞു. സിനിമയിൽ പൂർണ്ണ എന്നുള്ള പേരായിരുന്നു ഭാഗ്യം, പക്ഷേ ഡാൻസിൽ എപ്പോഴും ഷംന കാസിം തന്നെയാണ് ഭാഗ്യമുള്ള പേര്,’ ഷംന കാസിം പറയുന്നു.
Content Highlight: Shamna kasim about her poornna name