| Thursday, 26th September 2024, 2:46 pm

സ്റ്റേജ് ഷോ കുറച്ചാലേ സിനിമ കിട്ടുകയുള്ളൂവെന്ന് അന്ന് ആ വലിയ സംവിധായകൻ പറഞ്ഞു: ഷംന കാസിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

20 വര്‍ഷത്തിലധികമായി സിനിമാമേഖലയില്‍ ഉള്ള നടിയാണ് ഷംന കാസിം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ ഷംനക്ക് കഴിഞ്ഞു. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കരിയർ തുടങ്ങിയ ഷംന ഇന്നും സ്റ്റേജ് പ്രോഗ്രാമുകളിൽ നിറഞ്ഞ് നിൽക്കാറുണ്ട്.

കരിയറിന്റെ തുടക്കത്തിൽ തന്നെ സ്റ്റേജ് ഷോകൾ കാരണമാണ് സിനിമയിൽ അവസരം കുറയുന്നതെന്ന് താൻ കേട്ടിട്ടുണ്ടെന്നും മലയാളത്തിലെ ഒരു വലിയ സംവിധായകനും അത് പറഞ്ഞിട്ടുണ്ടെന്നും ഷംന പറയുന്നു.

എന്നാൽ അന്ന് അവരുടെ വാക്ക് കേട്ട് ഡാൻസ് വേണ്ടെന്ന് വെച്ചിരുന്നെങ്കിൽ ഇപ്പോൾ കുറ്റബോധം തോന്നിയേനെയെന്നും നൃത്തമാണ് തനിക്ക് ഏറ്റവും സന്തോഷം നൽകുന്നതെന്നും ഷംനാ കാസിം പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു ഷംന കാസിം.

‘സ്റ്റേജ്‌ ഷോ കുറയ്ക്കണം, അതുകൊണ്ടാണ് മലയാള സിനിമയിൽ അവസരം കുറയുന്നതെന്ന് എത്രയോപേർ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു രീതി മലയാളത്തിലുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എപ്പോഴും സ്റ്റേജിൽ കാണുന്നതുകൊണ്ട് അഭിനയിപ്പിക്കാൻ പലർക്കും താത്പര്യമില്ലായിരുന്നു.

എന്നാൽ തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിൽ നിന്ന് അപ്പോഴും അവസരങ്ങൾ കിട്ടുന്നുണ്ടായിരുന്നു. അവർ സിനിമയും തന്നു, സ്റ്റേജ് ഷോകളും തന്നു. ചിന്താമണി കൊലക്കേസിലെ ഭാവനയുടെ റോളാണ് തെലുങ്കിൽ ആദ്യമായി ചെയതത്. ഇഷ്‌ക്, ജോസഫ് തുടങ്ങിയ മലയാളം സിനിമകളുടെ തമിഴ്-തെലുങ്ക് പതിപ്പുകളിലും നായികയായി

മലയാളത്തിൽ ഒരവസരം വന്നപ്പോൾ സ്റ്റേജ് ഷോ കുറയ്ക്കണമെന്ന് വലിയൊരു സംവിധായകൻ എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങൾവരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തം ചെയ്യാതിരുന്നെങ്കിൽ ആത്മ വിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയുമില്ല എന്ന അവസ്ഥയിൽ വീട്ടിലിരിക്കേണ്ടി വന്നേനെ.

ഒരുകാലത്ത് മലയാളം സിനിമകൾ ചെയ്യാത്തതിൽ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്ന് മനസിലാക്കി. നൃത്തമാണ് എനിക്കേറ്റവും സന്തോഷം നൽകുന്നത്. ഭാവിയിൽ ഡാൻസ് സ്‌കൂൾ തുടങ്ങണമെന്നുണ്ട്. അതുപോലെ എല്ലാ കാലത്തും ‘ഷംന കാസിം ഓൺ ദ സ്റ്റേജ് ‘ എന്ന് പറയുന്നത് കേൾക്കണം,’ഷംന കാസിം പറയുന്നു.

Content Highlight: Shamna Kasim About  Her Career

We use cookies to give you the best possible experience. Learn more