തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണം; എ.എം.എം.എയ്ക്ക് ഷമ്മി തിലകന്റെ കത്ത്
Kerala News
തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണം; എ.എം.എം.എയ്ക്ക് ഷമ്മി തിലകന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th June 2018, 9:40 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ തിലകനെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യവുമായി മകന്‍ ഷമ്മി തിലകന്‍. തിലകനെതിരായ അച്ചടക്ക് നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്നാണ് ഷമ്മി തിലകന്‍ എ.എം.എം.എയ്ക്ക് അയച്ച കത്തില്‍ പറയുന്നത്.

എ.എം.എം.എ ഇറക്കിയ സുവനീരില്‍ മരിച്ചവരുടെ പട്ടികയില്‍ നിന്നും അചഛന്റെ പേര് വെട്ടിമാറ്റിയത് വേദനാജനകമാണെന്നും ഷമ്മി പറഞ്ഞു.

നേരത്തെ സംവിധായകന്‍ ആഷിഖ് അബുവും തിലകനെതിരെ എ.എം.എം.എയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന” കുറ്റത്തിന് “മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് “അമ്മ” മാപ്പുപറയുമായിരിക്കും, അല്ലേ എ്ന്നായിരുന്നു ദിലീപിനെ തിരിച്ചെടുത്തതില്‍ ആഷിഖ് പ്രതികരിച്ചത്. തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും ആഷിഖ് ഓര്‍മ്മപ്പെടുത്തിയിരുന്നു.


Read Also : നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹതകള്‍ വിശദീകരിച്ച് തിലകന്‍ അന്ന് പറഞ്ഞത്: വീഡിയോ കാണാം


 

യാതൊരു വിശദീകരണവും കേള്‍ക്കാതെയാണ് നടന്‍ തിലകനെ സംഘടന പുറത്താക്കിയതും വിലക്കിയതുമെന്ന് കഴിഞ്ഞ ദിവസം മകള്‍ ഡോ.സോണിയ തിലകന്‍ പറഞ്ഞിരുന്നു.

പുറത്താക്കിയ സമയത്ത് എന്റെ അച്ഛന്‍ അനുഭവിച്ച മാനസികസംഘര്‍ഷങ്ങളും മനോവിഷമവും അരികെ നിന്ന് കണ്ട വ്യക്തിയാണ് ഞാനെന്നും അച്ഛന്റെ ഭാഗം കേള്‍ക്കാന്‍ അന്ന് അമ്മ യാതൊരുവിധ താല്‍പര്യവും കാണിച്ചില്ലെന്നു മാത്രമല്ല, നിര്‍ദാക്ഷണ്യം അദ്ദേഹത്തോട് ഇറങ്ങിപ്പോടാ എന്നാണ് പറഞ്ഞതെന്നുമായിരുന്നു സോണിയ വെളിപ്പെടുത്തിയത്.

എനിക്ക് എ.എം.എം.എ സംഘടനയുമായി നേരിട്ടോ അല്ലാതെയോ ഇപ്പോള്‍ യാതൊരു ബന്ധവുമില്ലെന്നും ദിലീപിനെ മോശക്കാരനാക്കാനോ, അമ്മയോട് യുദ്ധം ചെയ്യാനോ അല്ല കത്ത് പുറത്തുവിട്ടതെന്നും സോണിയ പറഞ്ഞിരുന്നു.