| Tuesday, 9th August 2022, 11:40 am

തിലകന്‍ ചേട്ടന്റെ മകന്റെ ആഗ്രഹം ഞാന്‍ സാധിച്ചുതരുമെന്ന് സുരേഷ് ഗോപി പറഞ്ഞു, ആ വാക്കിന് വിലയുണ്ടായി, അവന്‍ സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ്: ഷമ്മി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയുടെ സഹജീവി സ്‌നേഹം കണക്കിലെടുക്കുകയാണെങ്കില്‍ അദ്ദേഹമാണ് സൂപ്പര്‍ സ്റ്റാറെന്ന് ഷമ്മി തിലകന്‍. തമാശയായാലും സീരിയസായാലും പറഞ്ഞ വാക്ക് സുരേഷ് ഗോപി ഓര്‍ത്ത് വെക്കാറുണ്ടെന്നും പാപ്പന്‍ സിനിമയുടെ ഷൂട്ടിനിടക്ക് നടന്ന സംഭവം ഓര്‍ത്തെടുത്ത് ഷമ്മി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവം ഷമ്മി തിലകന്‍ പങ്കുവെച്ചത്.

‘പാപ്പന്റെ നൈറ്റ് ഷൂട്ടായിരുന്നു അന്ന്. എനിക്ക് വൈകിട്ട് ഫുഡ് കഴിക്കുന്ന ശീലമില്ല. അന്ന് ഉറക്കവുമില്ല. അപ്പോള്‍ സുരേഷ് ഗോപി ഒരു സ്വീറ്റ് കൊണ്ടുതന്നു. എല്ലാവര്‍ക്കും കൊടുത്തു. എനിക്ക് ആദ്യം രണ്ടുമൂന്നെണ്ണം തന്നിരുന്നു. ഞാന്‍ ജാഡക്ക് ഒരെണ്ണമേ വാങ്ങിയുള്ളൂ. അതിന്റെ പകുതിയാണെങ്കില്‍ ഞാന്‍ അടുത്തിരിക്കുന്ന ആള്‍ക്ക് കൊടുക്കുകയും ചെയ്തു. എനിക്ക് മധുരത്തോട് അത്ര താല്‍പര്യമില്ല. എന്നാല്‍ ഇത് വായില്‍വെച്ച് കഴിഞ്ഞപ്പോള്‍ ഭയങ്കര ടേസറ്റ്.

ഞാന്‍ രഹസ്യമായി അടുത്തുപോയി സുരേഷ് ജി അത് തീര്‍ന്നോ എന്ന് ചോദിച്ചു. അയ്യോ ഷമ്മി തീര്‍ന്നല്ലോ എന്ന് പറഞ്ഞു. പുള്ളിക്ക് ഭയങ്കര വിഷമമായി. ഞാന്‍ ചോദിച്ചതല്ലേ നിന്നോട് എന്ന് പറഞ്ഞ് എന്നെ തല്ലാനൊക്കെ വന്നു. ഞാന്‍ കുഴപ്പമില്ല എന്ന് പറഞ്ഞ് മാറി ഇരുന്നു. അപ്പോള്‍ പുള്ളി തിലകന്‍ ചേട്ടന്റെ മോന്റെ ആഗ്രഹം ഞാന്‍ സാധിച്ചുതരും എന്ന് പറഞ്ഞു. ഞാന്‍ അത് കാര്യമായി എടുത്തില്ല. എന്നെ സുഖിപ്പിക്കാന്‍ പറഞ്ഞതായിരിക്കും എന്നാണ് വിചാരിച്ചത്,’ ഷമ്മി തിലകന്‍ പറഞ്ഞു.

‘അതുകഴിഞ്ഞ് പുള്ളി ദല്‍ഹിക്ക് പോയപ്പോള്‍ അവിടെ നിന്നും ആ സാധനം എനിക്ക് അയച്ചു തന്നു. എറണാകുളത്ത് എത്തിച്ച് അവിടെ നിന്നും ഒരാളുടെ കയ്യിലാണ് ആ സാധനം കൊടുത്തുവിട്ടത്. എന്നെ ഫോണില്‍ വിളിച്ചു വീട്ടിലാണോ എന്ന് ചോദിച്ചു. ഞാന്‍ അതെ എന്ന് പറഞ്ഞു. ഇപ്പോള്‍ ഒരാള്‍ ബെല്ലടിക്കും പോയി നോക്കാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ ബെല്ലടിച്ചു. ഞാന്‍ പുറത്ത് നോക്കുമ്പോള്‍ വന്നയാള്‍ ഷമ്മി ചേട്ടാ സുരേഷ് ജി തന്നുവിട്ടതാണെന്ന് പറഞ്ഞ് ഒരു പാക്കറ്റ് തന്നു. അപ്പോള്‍ സുരേഷ് ഗോപി ഫോണിലൂടെ അത് തുറന്ന് നോക്ക് സ്വീറ്റാണെന്ന് പറഞ്ഞു. ഞാന്‍ ഞെട്ടി പോയി. അങ്ങേര് എന്ത് കാര്യത്തിനാണ് ഇത് ചെയ്തത്. വേറെ ആര് ചെയ്യും ഇങ്ങനെ. അതാണ് സൗഹൃദം.

അദ്ദേഹം അന്ന് അവിടെ ഇരുന്ന് അങ്ങനെ പറഞ്ഞു. തമാശയായിക്കോട്ടെ സീരിയസായിക്കോട്ടെ വാക്കിന് വില എന്ന് പറയുമല്ലോ. ഞാന്‍ അന്ന് അതിനെ സീരിയസായി എടുത്തിരുന്നില്ല. പക്ഷേ അദ്ദേഹം അത് ഓര്‍മയില്‍ വെച്ചു. അതിനെ ഒരു ഗ്രേറ്റ് മാന്‍ അല്ലെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്. സഹജീവിയോട് കരുണയുള്ളവന്‍. അവന്‍ സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Shammy thilakan said that Suresh Gopi remembers the words he said whether it was funny or serious

We use cookies to give you the best possible experience. Learn more