| Wednesday, 4th May 2022, 12:45 pm

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്താണാവോ കാര്യം? ഇടവേള ബാബുവിനേയും മണിയന്‍ പിള്ളയേയും സിദ്ദിഖിനേയും പരിഹസിച്ച് ഷമ്മി തിലകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരുമായി ചര്‍ച്ചയില്‍ അമ്മയ്ക്ക് വേണ്ടി പങ്കെടുക്കുന്നത് ഇടവേള ബാബുവും സിദ്ദിഖും മണിയന്‍ പിള്ള രാജുവുമാണ് എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ഷമ്മി തിലകന്‍.

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്താണാവോ കാര്യം എന്ന് ചോദിച്ചുകൊണ്ടാണ് ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

”പൊന്നുരുക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യം? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ‘അമ്മ’ പ്രതിനിധികള്‍! സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാന്‍’ എന്നൊക്കെ പറയുന്നവരോട്! ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും? പ്രവചിക്കാമോ? (പ്രവചനം എന്തുതന്നെയായാലും ജനറല്‍ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നു.)” അദ്ദേഹം പറഞ്ഞു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അമ്മയുടെ പ്രതിനിധികളാകുന്നത് നടന്മാരായ ഇടവേള ബാബു, സിദ്ദിഖ്, മണിയന്‍പിള്ള രാജു എന്നിവരാണ്. ബീന പോള്‍, പത്മപ്രിയ, ആശാ ജോര്‍ജ് എന്നിവരാണ് ഡ.ബ്ല്യു.സി.സി പ്രതിനിധികള്‍.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വര്‍ഷം മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്.

നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ ദേശീയ വനിതാ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Shammy Thilakan mocks  AMMA members

We use cookies to give you the best possible experience. Learn more