അന്യഭാഷയില്‍ നിന്നും വന്ന പല നടന്മാര്‍ക്കും താന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് വേണ്ടി അന്യഭാഷയില്‍ ആരും ഡബ്ബ് ചെയ്യാന്‍ തയാറായിട്ടില്ലെന്ന് ഷമ്മി തിലകന്‍. കസ്തൂരിമാന്‍ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി.
‘കസ്തൂരിമാന്‍ സിനിമയുടെ തമിഴ് റീമേക്കില്‍ എന്റെ കഥാപാത്രത്തെ ഞാന്‍ തന്നെയാണ് അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന് പകരം മറ്റൊരു ഹീറോ ആയിരുന്നു. ഒരു ആവേശത്തിന് ഞാന്‍ തന്നെ പോയി.
തമിഴില്‍ നിന്നും പ്രകാശ് രാജടക്കമുള്ള പല നടന്മാര്‍ക്കും ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ എന്റെ പടം അവിടെ ചെന്നപ്പോള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഒറ്റയൊരുത്തനും തയാറായില്ല, അതെന്തുകൊണ്ടാണ്. ആരും വരാതായപ്പോള്‍ വളരെ ജൂനിയറായ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കൊണ്ട് ചെയ്യിക്കുകയായിരുന്നു. അത് എന്നോട് കാണിച്ച അനീതിയല്ലേ. ഷമ്മി നമുക്ക് അവിടെ ഡബ്ബ് ചെയ്ത് എക്‌സ്‌പോഷര്‍ തന്ന ആളാണ് എന്ന് അവര്‍ ചിന്തിക്കേണ്ടതല്ലേ.
ഒടിയനില്‍ ഒക്കെ പ്രകാശ് രാജിന് വേണ്ടി ഡബ്ബ് ചെയ്തതല്ലേ. ഒടിയന്‍ ഓസ്‌കാര്‍ അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞ് തള്ളിമറിച്ച പടമാണ്. ഒരു സ്റ്റേറ്റ് അവാര്‍ഡ് പോലും കിട്ടിയില്ല. എനിക്ക് കിട്ടിയിട്ടുണ്ട്. തള്ളിമറിക്കലുകള്‍ കണ്ട് പറഞ്ഞതാണ്, വെറുതെ പറഞ്ഞതല്ല.
പറഞ്ഞുവന്നത് അത് അവര്‍ക്കും ആകാമായിരുന്നു. ഇവന്മാര്‍ എനിക്ക് ചെയ്തില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ഇവന്മാര്‍ക്ക് ചെയ്യുന്നത്. എബിസിഡി എന്ന് ഡയലോഗ് പറഞ്ഞിട്ട് പോകും. മലയാളം ഇവന്റെയൊന്നും വായില്‍ വരില്ല. അതിനെ പിന്നെ ഡയലോഗാക്കി അതിന്റെ ഭാവത്തില്‍ ചെയ്യുന്നതാണ് എന്റെ ജോലി. എനിക്ക് സ്വന്തമായി ഡബ്ബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് ഡബ്ബ് ചെയ്യുന്നത്.
അതില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് ദേവാസുരത്തിലെ നെപ്പോളിയനാണ്. മുഴുവന്‍ പൊട്ടത്തെറ്റായ ഡയലോഗാണ് പറഞ്ഞുവെച്ചിരിക്കുന്നത്. അതിന്റെ പേരില്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറുമായി വഴക്കായി. കാരണം അവര്‍ക്ക് ലിപ് സിങ്കായി കിട്ടണം. ലിപ് സിങ്കായില്ലെങ്കില്‍ മോഡുലേഷന്‍ കറക്ടാവില്ല. ഭാവം വരുത്താന്‍ പറ്റില്ല. അപ്പോള്‍ പിന്നെ കുറച്ച് കോമ്പ്രമൈസ് ചെയ്തു. പക്ഷേ ആളുകള്‍ അത് ശ്രദ്ധിക്കില്ല. ഒരു സെക്കന്റല്ലേ ഫ്രെയിം പോവത്തുള്ളൂ. എന്തായാലും ആളുകള്‍ റിവൈന്‍ഡ് അടിച്ച് കാണാന്‍ പോവുന്നില്ലല്ലോ. ആ ഫ്‌ളോയില്‍ അങ്ങ് പോയാല്‍ ആളുകള്‍ കേട്ടിരുന്നോളും,’ ഷമ്മി തിലകന്‍ പറഞ്ഞു.
Content Highlight: shammy thilakan about dubbing for other language artist