Film News
ആ ചിത്രം ഷൂട്ട് ചെയ്യുമ്പോള്‍ ലാലേട്ടന്‍ എന്റെ പരിക്കുപറ്റിയ കാലില്‍ ചവിട്ടി വീണ്ടും ഫ്രാക്ചറായി: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 22, 11:49 am
Thursday, 22nd February 2024, 5:19 pm

രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രജ. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകനായെത്തിയത്.

ബോളിവുഡ് താരം അനുപം ഖേര്‍ അതിഥി വേഷത്തില്‍ എത്തിയ പ്രജയില്‍ മോഹന്‍ലാലിന് പുറമെ കൊച്ചിന് ഹനീഫ, ബിജു മേനോന്, മനോജ് കെ. ജയന്, ബാബു നമ്പൂതിരി, ഷമ്മി തിലകന്‍ എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയത്.

സക്കീര്‍ അലി ഹുസൈനെന്ന കഥാപാത്രമായി മോഹന്‍ലാലെത്തിയ ചിത്രത്തില്‍ ബലരാമന്‍ കൊണാറക് എന്ന കഥാപാത്രമായാണ് ഷമ്മി തിലകന്‍ അഭിനയിച്ചത്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രജയുടെ ഷൂട്ടിങ്ങ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം.

‘എന്റെ കാല്‍ ഒടിഞ്ഞിരിക്കുന്ന സമയത്താണ് പ്രജ സിനിമ ചെയ്യുന്നത്. ആ പടത്തില്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും. എന്നെ അതില്‍ ഇന്‍ട്രഡ്യൂസ് ചെയ്യുന്ന ഷോട്ടില്‍ ബെന്‍സ് കാറില്‍ നിന്ന് ഞാന്‍ ഡോര്‍ തുറന്ന് ഇറങ്ങി വരുമ്പോള്‍ എന്റെ വലത്തേ കാലാണ് ആദ്യം കാണുന്നത്.

അതില്‍ ബാന്‍ഡേജ് ചുറ്റിയിരിക്കുകയായിരുന്നു. അത് ശരിക്കും ഉള്ളതായിരുന്നു. അത് കഴിഞ്ഞ് ലാലേട്ടനുമായുള്ള ഒരു സീനുണ്ട്. ആ സീനിന്റെ അവസാനം ലാലേട്ടന്‍ എന്റെ കഴുത്തില്‍ പിടിക്കുന്നുണ്ട്.

ആ സമയത്ത് ലാലേട്ടന്‍ കേറി ഈ കാലില്‍ ചവിട്ടി. വീണ്ടും അത് ഫ്രാക്ചറായി. അദ്ദേഹം അറിഞ്ഞുകൊണ്ട് ചവിട്ടിയതൊന്നുമല്ല. പിറ്റേ ദിവസവും ഷൂട്ടുണ്ടായിരുന്നു. അതുകൊണ്ട് അന്ന് രാത്രിക്ക് രാത്രി കോതമംഗലത്തുള്ള ഒരു ആയുര്‍വേദ ഡോക്ടറുടെ വീട്ടില്‍ ചെന്നു.

അവര്‍ ഹസ്ബന്‍ഡും വൈഫും ആയുര്‍വേദ ഡോക്ടര്‍മാരാണ്. അവര്‍ രണ്ടുപേരും ഈ കാല് വലിച്ചുപിടിച്ച് ശരിയാക്കി. അതുകൊണ്ടാണ് പിന്നീട് ആ ഷൂട്ടിങ് നടന്നത്. അങ്ങനെ ഷൂട്ട് ചെയ്ത സീനായിരുന്നു പ്രജയിലേത്. ഒരുപാട് എഫേര്‍ട്ടുണ്ടായിരുന്നു ആ സിനിമക്ക്,’ ഷമ്മി തിലകന്‍ പറഞ്ഞു.


Content Highlight: Shammi Thilakan Talks About Mohanlal And Praja Movie