| Tuesday, 16th August 2022, 6:45 pm

പത്ത് വര്‍ഷത്തോളം ഒറ്റയ്ക്ക് ഫൈറ്റ് ചെയ്ത് ഞാനാ ഷോപ്പിങ് മാള്‍ പൂട്ടിച്ചു; ചെറുപ്പത്തിലേ ഐ.പി.സിയൊക്കെ പഠിപ്പിച്ചിരുന്നെങ്കില്‍ ഞാനവന്മാരെ എയറില്‍ കയറ്റിയേനെ: ഷമ്മി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ പ്രകടനം കൊണ്ടും ഡബ്ബിങ് ആര്‍ടിസ്റ്റെന്ന നിലയില്‍ ശബ്ദസാന്നിധ്യം കൊണ്ടും ശ്രദ്ധേയനായ താരമാണ് ഷമ്മി തിലകന്‍. ഇതിന് പുറമെ തന്റെ ഉറച്ച നിലപാടുകള്‍ കൊണ്ടും അദ്ദേഹം വാര്‍ത്തകളില്‍ നിറയാറുണ്ട്.

നിലപാടുകളും തുറന്ന് പറച്ചിലുകളും കാരണം ഭീഷണികള്‍ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി തിലകന്‍.

അച്ഛന്റെ അതേ പാതയില്‍, ഉള്ളത് ഉള്ളത് പോലെ തുറന്ന് പറയുന്ന ഒരു വ്യക്തിയായത് കാരണം ഭീഷണികള്‍ വന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

”കുറച്ചുനാളായി കുറേ ഭീഷണികളൊക്കെ വന്നുകൊണ്ടിരിക്കുകയല്ലേ. എന്റെ വീടിനടുത്ത് ഒരു ഷോപ്പിങ് കോംപ്ലക്‌സുണ്ട്. ഒരു റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘം നടത്തിയ അധിനിവേശത്തിന്റെ ബാക്കിപത്രമാണ് അത്. ഉദാഹരണത്തിന് മരട് ഫ്‌ളാറ്റ് നശിപ്പിച്ചത് ഇതുപോലുള്ള ഒരു കേസാണ്.

ഒമ്പത്- പത്ത് വര്‍ഷത്തോളം ഈ ഷോപ്പിങ് മാളിനെതിരെ ഫൈറ്റ് ചെയ്ത് ഞാനത് പൂട്ടിച്ചു, ഒറ്റയ്ക്ക് നിന്ന്.

ഇങ്ങനെയുള്ള കാര്യങ്ങളില്‍ ചുമ്മാ നിന്ന് തുറന്ന് പറയുന്നതല്ല കാര്യം. വസ്തുനിഷ്ഠമായി പറയുക എന്നുള്ളതാണ്.

നമ്മള്‍ ജീവിക്കുന്നത് ഇന്ത്യാ മഹാരാജ്യത്തിലാണ്. ഇന്ത്യക്ക് ഇന്ത്യയുടേതായ ഒരു ഭരണഘടനയുണ്ട്. ഏതെങ്കിലും ജാതിയുടേയോ മതത്തിന്റെയോ പുണ്യപുരാതന ഗ്രന്ഥങ്ങളല്ല നമ്മുടെ ഭരണഘടന.

ഞാന്‍ ഭരണഘടനയുടെ പ്രൊട്ടക്ഷനകത്ത് നില്‍ക്കുന്ന ഒരു ഇന്ത്യന്‍ പൗരനാണ്. ആ പ്രൊട്ടക്ഷന്‍ ചില്ലറയല്ല.

അതിനകത്ത് കുറേ കല്‍പനകള്‍ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. ആ കല്‍പനകളായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ നമ്മളെ പഠിപ്പിക്കേണ്ടിയിരുന്നത്. അല്ലാതെ a+b ഈസ് ഈക്വല്‍ ടു എന്നൊക്കെ പഠിച്ചിട്ട് ഷമ്മി തിലകന് ജീവിതത്തില്‍ എന്ത് ഗുണമുണ്ടായി. എനിക്ക് നിങ്ങള്‍ ചെറിയ പ്രായത്തിലേ ഈ ഐ.പി.സിയും സി.ആര്‍.പി.സിയും പഠിപ്പിച്ച് തന്നിരുന്നെങ്കില്‍ ഞാനിന്ന് ഇവന്മാരെയൊക്കെ എടുത്ത് എയറില്‍ കയറ്റിയേനെ.

എന്തുമാത്രം ഞാന്‍ അതിന് വേണ്ടി കഷ്ടപ്പെട്ടു എന്ന് മനസിലാക്കണം. വിദ്യാഭ്യാസ രീതിയാണ് ഇവിടെ പൊളിച്ചടുക്കേണ്ടത്. ശരിക്ക് പറഞ്ഞാല്‍ അടുത്ത തലമുറയെ നമ്മള്‍ വഴിതെറ്റിച്ച് കൊണ്ടിരിക്കുകയാണ്. അടുത്ത തലമുറ ഫൈറ്റ് ചെയ്യേണ്ടത് അതിന് വേണ്ടിയാണ്. വിവരാവകാശം നമ്മുടെ അവകാശമാണ്.

അതിന് വേണ്ടി ഫൈറ്റ് ചെയ്യാനുള്ള ഒരു മോഡിലേക്ക് നമ്മള്‍ ചാര്‍ജായി കഴിഞ്ഞാല്‍ പിന്നെ ഈ പറയുന്നതെല്ലാം വെറും ജല്‍പനങ്ങളായി തോന്നും. പോടാ പുല്ലേ, എന്നാകും,” ഷമ്മി തിലകന്‍ പറഞ്ഞു.

Content Highlight: Shammi Thilakan talks about his fights, constitution of India, education system and the threats he faced

We use cookies to give you the best possible experience. Learn more