മീ ടൂ ആരോപണ വിധേയനായ, കോടതിയില്‍ മൊഴിമാറ്റിയെന്ന് ആരോപണമുള്ള ഒരാളെ പിടിച്ച് പ്രിസൈഡിങ് ഓഫീസറാക്കി; ഇത്രയും വൃത്തികെട്ട കുറ്റാരോപിതന് മുന്നില്‍ ഹാജരാകാന്‍ എനിക്ക് തോന്നിയില്ല: ഷമ്മി തിലകന്‍
അമ്മ സംഘടനയെ അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന് വിശദീകരണം നല്‍കിയ ശേഷവും നേരിട്ട് ഹാജരാകാന്‍ തന്നെ സംഘടന നിര്‍ബന്ധിച്ചിരുന്നതായി നടന്‍ ഷമ്മി തിലകന്‍. ഷൂട്ടിങ്ങിന്റെ തിരക്കിലായിട്ട് പോലും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിച്ചില്ലെന്നും മീടൂ ആരോപണ വിധേയനായ, സംഘടനയുടെ തലപ്പത്തുള്ള ആള്‍ക്ക് മുന്നില്‍ ഹാജരാകാന്‍ പറ്റില്ല എന്ന് താന്‍ പറഞ്ഞതായും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘടനയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ തനിക്കെതിരായ അച്ചടക്ക നടപടി ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കൈനീട്ടം എന്ന പേരില്‍ എനിക്കും പണം തന്നിരുന്നു. എനിക്ക് അതിനുള്ള പ്രായമായിട്ടില്ല, എന്ന് പറഞ്ഞ് ഞാനത് തിരിച്ചുകൊടുത്തു. എനിക്കിപ്പോഴും റിട്ടയേര്‍ഡ് ചെയ്യാനുള്ള ആഗ്രഹമില്ല. പെന്‍ഷനായാണ് ഇത് നല്‍കുന്നത്.
കൈനീട്ടം എന്ന ഒരു പേരേ ഉള്ളൂ. ഓഡിറ്റിങ്ങ് വരുന്നതിനകത്ത് ഇത് എഴുതിയിരിക്കുന്നത് റിട്ടയര്‍മെന്റ് സ്‌കീം എന്നാണ്. എനിക്ക് കൈനീട്ടം പ്രഖ്യാപിച്ചപ്പോള്‍ 52 വയസേ ഉള്ളൂ, 52 വയസിലാണോ റിട്ടയര്‍ ചെയ്യേണ്ടത്. കലാകാരന് റിട്ടയര്‍മെന്റുണ്ടോ.
എന്തടിസ്ഥാനത്തിലാണ് എന്റെ 52ാം വയസില്‍ അവര്‍ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച് 5000 രൂപ തന്ന് വീട്ടില്‍ പോയിരുന്നോ എന്നുള്ള രീതിയില്‍ പറഞ്ഞത്. അതൊക്കെ തെറ്റല്ലേ. എന്നിട്ടും അതൊന്നും ഞാന്‍ പ്രശ്‌നമാക്കിയില്ല.
ഞാന്‍ കൊടുത്ത കത്തില്‍ പറയുന്നത്, എന്റെ ചില ആവശ്യങ്ങളുണ്ട്, സംഘടനയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരെ ഞാന്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിന് തീരുമാനമാകുന്നത് വരെ എന്നെ ഈ ‘കൈനീട്ടം’ വാങ്ങിക്കാന്‍ നിര്‍ബന്ധിക്കരുത്, എന്നാണ്. കത്തെഴുതിയിട്ടാണ് ഞാനത് തിരിച്ചുകൊടുത്തത്. എല്ലാത്തിലും ഞാന്‍ കൃത്യമായി മറുപടി ലെറ്റര്‍ കൊടുക്കും.
അദ്ദേഹം പറഞ്ഞത് എക്‌സിക്യൂട്ടീവ് കമ്മിറ്റി എനിക്ക് നല്‍കിയ വിശദീകരണ കത്തിന് ഞാന്‍ മറുപടി നല്‍കിയിട്ടില്ല എന്നാണ്. അദ്ദേഹം മറുപടി കൊടുത്തെന്നാണല്ലോ പറഞ്ഞത്, എന്ന് അപ്പൊ മാധ്യമപ്രവര്‍ത്തകര്‍ തന്നെ അത് ചോദിക്കുന്നുമുണ്ട്. എന്റെ കയ്യില്‍ തെളിവുണ്ട്, വേണമെങ്കില്‍ ഞാന്‍ കാണിച്ച് തരാം.
പക്ഷെ സംഘടനയുടെ നടപടി ആയതുകൊണ്ടേ തല്‍ക്കാലം ഞാനത് വെളിയില്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും ഞാന്‍ പറയുന്നു ഞാന്‍ വേര്‍ഡ് ബൈ വേര്‍ഡ് കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട്.
എന്താണ് ആ വിശദീകരണത്തില്‍ തൃപ്തികരമല്ലാത്തത് എന്ന കാര്യം എന്നെ ബോധിപ്പിച്ചിട്ടില്ല. അത് ബോധിപ്പിക്കാതെ, ഒരു നിയമസാധുതയുമില്ലാത്ത, മീടൂ ആരോപണത്തിന് വിധേയനായി നില്‍ക്കുന്ന, കോടതിയില്‍ മൊഴിമാറ്റി എന്ന് ആരോപണമുള്ള ഒരു വ്യക്തിയെ പിടിച്ച് പ്രിസൈഡിങ് ഓഫീസറാക്കിയിരിക്കുന്നു.
ഓക്കെ, ഞാന്‍ പറഞ്ഞു, ഞാന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ഹാജരാകാം എന്ന്. അദ്ദേഹത്തിന്റെ മുന്നില്‍ ഹാജരാകുന്നത് എനിക്ക് ഭയങ്കര ചളിപ്പായി തോന്നി, ആലോചിച്ച് നോക്കൂ, ഇത്തരത്തില്‍ കുറ്റാരോപിതനായ ഒരാളുടെ മുന്നില്‍…
എന്റെ പേരിലുള്ള ആരോപണമെന്താണ്, ഞാന്‍ അമ്മ സംഘടനെ അപകീര്‍ത്തിപ്പെടുത്തുന്നു, എന്നാണ്. അതിനുള്ള വിശദീകരണം ഞാന്‍ കൊടുത്ത് കഴിഞ്ഞതാണ്. അങ്ങനെ കൊടുത്ത എന്നോട്, ഇത്രയും വൃത്തികെട്ട കുറ്റാരോപിതനായ ഒരു വ്യക്തിയുടെ മുന്നില്‍ പോയി ഹാജരാകാന്‍ പറഞ്ഞു.
അന്ന് ഞാന്‍ നോ എന്ന് ആദ്യമേ പറഞ്ഞില്ല. നേരിട്ട് പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സില്‍ ഹാജരാകാം എന്ന് ഞാന്‍ പറഞ്ഞു. ഹൈക്കോടതിയില്‍ സ്വന്തമായി കേസ് നടത്തിക്കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അവിടെ വീഡിയോ കോണ്‍ഫറന്‍സിലാണ് ഹാജരാകുന്നത്.
പിന്നെയാണോ അമ്മയുടെ ഓഫീസ്. ലോകത്തിലെ ഏറ്റവും വലിയ ആധുനിക സൗകര്യങ്ങളുണ്ട് എന്ന് ഈ പറയുന്ന ജനറല്‍ സെക്രട്ടറി തന്നെ ഇന്നസെന്റിന്റെ എന്‍ട്രി വീഡിയോ എടുത്ത് പറഞ്ഞിട്ടുണ്ട്. ലോകോത്തര മഹത്തരമായ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യമാണ് നമുക്കുള്ളത് എന്ന് അതിനകത്ത് പറഞ്ഞിട്ടുണ്ട്.
പിന്നെ എന്താണ് എന്റെ സൗകര്യം ഉപയോഗിക്കാത്തത്. ഞാനവിടന്ന് ജോലിയും മുടക്കി, കണ്ണൂരില്‍ പടവെട്ട് എന്ന പടത്തിന്റെ ലൊക്കേഷനില്‍ നിന്ന് എറണാകുളത്ത് വന്ന് ഇദ്ദേഹത്തിന്റെ മുന്നില്‍ ഹാജരാകണം എന്ന് പറഞ്ഞു. എനിക്ക് ബുദ്ധിമുട്ടാണ്, എന്ന് ഞാന്‍ പറഞ്ഞു.
വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടി വന്നാല്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ആ സിനിമയുടെ പ്രൊഡ്യൂസറും ഡയറക്ടറും എന്നെ വളരെ അനുഭാവപൂര്‍ണമാണ് പരിഗണിച്ചത്.
കുഴപ്പമില്ല, ഫൈറ്റാണ്, ചേട്ടന്റെ ഡ്യൂപ്പ് വെച്ച് നിര്‍ത്തിയിട്ട് ഞങ്ങള്‍ മാനേജ് ചെയ്‌തോളാം, ചേട്ടന്‍ കാരവനിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിക്കോളൂ എന്ന് അവര്‍ പറഞ്ഞു.
ആ സിനിമാക്കാര്‍ കാണിച്ച അനുഭാവം ഈ സംഘടക്കില്ല എന്ന് പറഞ്ഞാല്‍. അമ്മ എന്ന് പറയുന്ന സംഘടനയെ എന്റെ പെറ്റമ്മയെ പോലെയാണ് ഞാന്‍ സമീപിച്ചിട്ടുള്ളത്. ആ എന്നോട് അങ്ങനെ പറഞ്ഞു,” ഷമ്മി തിലകന്‍ പറഞ്ഞു.
ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തിരുന്നു. അച്ചടക്ക ലംഘനം, ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തിയതിനെകുറിച്ച് അച്ചടക്കസമിതിക്ക് മുമ്പാകെ വിശദീകരണം നല്‍കിയില്ല, ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും വന്നില്ല എന്നീ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയത്.
ഷമ്മി തിലകനെതിരെ നടപടിയെടുക്കുമെന്നും സംഘടനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പറയുന്നതില്‍ സംഘടനയിലെ പല അംഗങ്ങള്‍ക്കും എതിര്‍പ്പുണ്ടെന്നും പ്രസ് മീറ്റില്‍ ഇടവേള ബാബുവും സിദ്ധിഖും പറഞ്ഞിരുന്നു.
നടപടിയെടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഷമ്മി തിലകനെ വിളിച്ച് വിശദീകരണം ചോദിച്ച ശേഷം നടപടിയെടുക്കുമെന്നും സിദ്ധിഖ് പറഞ്ഞു. അദ്ദേഹം ഇപ്പോഴും സംഘടനയിലെ അംഗമാണെന്നും പുറത്താക്കണമെന്നാണ് ഭൂരിഭാഗം പേരും നിര്‍ദേശിച്ചതെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.
അമ്മ ഭാരവാഹികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് ഷമ്മി തിലകനെതിരെ നടപടി സ്വീകരിക്കാന് സംഘടന തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlight: Shammi Thilakan says he was asked to present himself before AMMA organization’s presiding officer who was a Me Too accused