| Tuesday, 28th June 2022, 1:09 pm

ജനറല്‍ ബോഡി മീറ്റിങ്ങിന്റെ ദൃശ്യങ്ങള്‍ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല; അങ്ങനെ തെളിയിച്ചാല്‍ പകുതി ക്ഷൗരം ചെയ്ത് നടക്കാം: ഷമ്മി തിലകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജനറല്‍ ബോഡി മീറ്റിങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടു, എന്ന് തനിക്കെതിരെ എ.എം.എം.എ സംഘടന ഉയര്‍ത്തിയ ആരോപണത്തെക്കുറിച്ച് പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സംഘടനയെ മോശമാക്കുന്ന ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് ഇന്നലെ കുറ്റപത്രം വന്നിട്ടുണ്ട്. ഞാന്‍ ഇനി അതിന് മറുപടി കൊടുക്കണം. കുറ്റപത്രത്തിനെതിരെ ഞാന്‍ അപ്പീല്‍ കൊടുത്തിരുന്നു, ആ അപ്പീലിന് മറുപടി തരാതെയാണ് കുറ്റപത്രം അയച്ചിരിക്കുന്നത്.

ഒരു അപ്പീല്‍ അവിടെ കിടക്കുമ്പോള്‍ എങ്ങനെയാണ് കുറ്റപത്രം അയക്കുക. അന്വേഷണം നടത്തിയിട്ടില്ല, എന്റെ മൊഴിയെടുത്തിട്ടില്ല, പിന്നെ എങ്ങനെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുക.

ഓക്കെ, അത് ഞാന്‍ നേരിട്ടോളം. അത് അങ്ങനെ തന്നെ പോട്ടെ. ജനറല്‍ ബോഡിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന് പറയുന്നതാണ് കോമഡി.

ഈ പറയുന്ന ദിവസം ഞാന്‍ ഷൂട്ട് ചെയ്തു, എന്ന് പറയുന്ന വീഡിയോയോ കാര്യങ്ങളോ ഞാന്‍ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല. എന്റെ ഫേസ്ബുക്കില്‍ അല്ലാതെ എവിടെയും ഞാന്‍ അത് പോസ്റ്റ് ചെയ്യാന്‍ സാധ്യതയില്ല.

എനിക്ക് വേറെ എവിടെയും അക്കൗണ്ടില്ല, പിന്നെ ഉള്ളത് ഇന്‍സ്റ്റഗ്രാമിലാണ്. വിവാദ വിഷയങ്ങളും ഇങ്ങനെയുള്ള കാര്യങ്ങളുമൊന്നും ഞാന്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യാറില്ല, എന്റെ ഫോട്ടോകള്‍ മാത്രമേ ഇടാറുള്ളൂ.

എന്റെ എഫ്.ബിയിലാണ് ഞാന്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഇടാറ്. എനിക്ക് ഫോളോവേഴ്‌സ് ഉള്ളതും അതിലാണ്.

ഈ പറയുന്ന പ്രത്യേക ദിവസമോ അതിന്റെ പിറ്റേ ദിവസമോ അതിന് ശേഷം നാളിത് വരെയോ, അമ്മ അസോസിയേഷന്റെ ജനറല്‍ ബോഡിയില്‍ ഷൂട്ട് ചെയ്ത എന്തെങ്കിലും ഒരു വീഡിയോ എന്റെ എഫ്.ബി അക്കൗണ്ടിലോ വേറെ എവിടെയെങ്കിലുമോ ഞാന്‍ പോസ്റ്റ് ചെയ്തതായി തെളിയിച്ചാല്‍ പകുതി ക്ഷൗരം ചെയ്ത് ഞാന്‍ നടക്കാം, അല്ലെങ്കില്‍ പകുതി മീശ വടിച്ച് കളയാം. ഇപ്പോള്‍ ഒരു പടം ചെയ്ത് കൊണ്ടിരിക്കുകയാണ്, അതിന്റെ കണ്ടിന്യുറ്റി കഴിഞ്ഞിട്ട്.

ഈ പറഞ്ഞ കുറ്റപത്രത്തിനകത്ത് സാദിഖ് എന്ന് പറയുന്ന നടന്‍ ഇത് ആരോപിച്ചിട്ടുണ്ട്, ഞാന്‍ അവിടെ വീഡിയോ പോസ്റ്റ് ചെയ്‌തെന്നും ആ പോസ്റ്റ് ചെയ്ത വീഡിയോ അദ്ദേഹത്തിന് ആരോ അയച്ച് കൊടുത്തെന്നും.

എങ്കില്‍ അയച്ചുകൊടുത്ത ആ വീഡിയോ പുള്ളി തരട്ടെ. അയച്ചുതന്ന വീഡിയോ എനിക്ക് അയച്ചുതരണ്ടേ, എന്നാലല്ലേ അത് പൂര്‍ണമാകൂ.

പറയുമ്പോള്‍ സൂക്ഷിച്ച് പറയണം. അത്രയേ എനിക്ക് പറയാനുള്ളൂ. ബാക്കി നോക്കാം. ഞാന്‍ അങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. എടുത്തു, അത് സത്യമാണ്. കൂടുതല്‍ ഞാന്‍ എടുത്തത് ഫോട്ടോസ് ആണ്. എന്റെ കയ്യില്‍ ഇപ്പോഴും അത് ഉണ്ട്, ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല,” ഷമ്മി തിലകന്‍ പറഞ്ഞു.

ഞായറാഴ്ച കൊച്ചിയില്‍ ചേര്‍ന്ന മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഷമ്മി തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനമെടുത്തിരുന്നു. അച്ചടക്ക ലംഘനം, ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തിയതിനെകുറിച്ച് അച്ചടക്കസമിതിക്ക് മുമ്പാകെവിശദീകരണം നല്‍കിയില്ല, ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും വന്നില്ല എന്നീ ആരോപണങ്ങളാണ് ഷമ്മി തിലകനെതിരെ സംഘടന ഉയര്‍ത്തിയത്.

ഷമ്മി തിലകനെതിരെ നടപടിയെടുക്കുമെന്നും സംഘടനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അഭിപ്രായങ്ങള്‍ പറയുന്നതില്‍ സംഘടനയിലെ പല അംഗങ്ങള്‍ക്കും എതിര്‍പ്പുണ്ടെന്നും പ്രസ് മീറ്റില്‍ ഇടവേള ബാബുവും സിദ്ധിഖും പറഞ്ഞിരുന്നു. നടപടിയെടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഷമ്മി തിലകനെ വിളിച്ച് വിശദീകരണം ചോദിച്ച ശേഷം നടപടിയെടുക്കുമെന്നും സിദ്ധിഖ് പറഞ്ഞു.

അദ്ദേഹം ഇപ്പോഴും സംഘടനയിലെ അംഗമാണെന്നും പുറത്താക്കണമെന്നാണ് ഭൂരിഭാഗം പേരും നിര്‍ദേശിച്ചതെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.

എ.എം.എം.എ ഭാരവാഹികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് ഷമ്മി തിലകനെതിരെ നടപടി സ്വീകരിക്കാന് സംഘടന തീരുമാനിച്ചതെന്നും നടന്‍ ജഗദീഷ് മാത്രമാണ് ഷമ്മി തിലകനെതിരായ അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Shammi Thilakan says he didn’t shared the visuals of AMMA general body meeting anywhere

We use cookies to give you the best possible experience. Learn more