'പിടിച്ചിരുന്നോണേ കുട്ടാ'; ഇന്ദ്രന്‍സിന്റേയും ഷമ്മി തിലകന്റെയും ഷോ
Film News
'പിടിച്ചിരുന്നോണേ കുട്ടാ'; ഇന്ദ്രന്‍സിന്റേയും ഷമ്മി തിലകന്റെയും ഷോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd September 2022, 2:52 pm

ഒരു നാട്ടിന്‍ പുറവും അവിടുത്തെ മനുഷ്യരും അവരുടെ വളര്‍ത്തുമൃഗങ്ങളുമായി മുന്നോട്ട് പോകുന്ന ഒരു കൊച്ചുകഥ. അതാണ് പാല്‍തു ജാന്‍വര്‍. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായി കുടിയാന്‍മലയിലേക്ക് വരുന്ന പ്രസൂണ്‍ എന്ന ചെറുപ്പക്കാരനിലൂടെയാണ് ചിത്രം മുന്നേറുന്നത്. ബേസില്‍ ജോസഫാണ് പ്രസൂണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

വലിയ സങ്കീര്‍ണതകളില്ലാത്ത നിഷ്‌കളങ്കരായ ലളിതമായി ഡിഫൈന്‍ ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ വന്നിരിക്കുന്നത്.

നടനെന്ന നിലയില്‍ ഒട്ടറെ മുന്നേറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. പഠനം കഴിഞ്ഞ് പാഷന്റെ പുറകെ പോയി കടം കേറി പിന്നെ അതും ഉപേക്ഷിച്ച് ഇഷ്ടമില്ലാത്ത ജോലിക്ക് പോകേണ്ടിവരുന്ന യുവ ജനങ്ങളുടെ പ്രതിനിധിയാണ് പ്രസൂണ്‍. എന്നാല്‍ ബേസിലിന്റെ പ്രസൂണിനെപ്പോലെ അല്ലെങ്കില്‍ അതിനെക്കാളും പ്രേക്ഷകരുടെ പ്രശംസ പിടിച്ച് പറ്റിയ രണ്ട് കഥാപാത്രങ്ങള്‍ ഷമ്മി തിലകന്റെ ഡോ. സുനില്‍ ഐസക്കും, ഇന്ദ്രന്‍സിന്റെ വാര്‍ഡ് മെമ്പര്‍ കൊച്ച് ജോര്‍ജുമാണ്. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിരിക്കാനുള്ള മൊമന്റ്‌സ് നല്‍കുന്നത് ഡോക്ടറും വാര്‍ഡ് മെമ്പറുമായുള്ള കഥാപാത്രങ്ങളാണ്.

ഷമ്മിയുടെ ഡോക്ടര്‍ കുറച്ച് സമയം മാത്രമേ വരുന്നുള്ളൂ. വേറൊരു ഗെറ്റപ്പിലാണ് ഷമ്മി ചിത്രത്തിലെത്തിയിരിക്കുന്നത്. മൊട്ടയടിച്ച് അദ്ദേഹത്തെ ഇതിന് മുമ്പ് മറ്റൊരു സിനിമയില്‍ കണ്ടിട്ടില്ല. ഡോക്ടര്‍ സുനിലിന്റെ മാനറിസങ്ങളും രസകരമായിരുന്നു. നമ്മള്‍ പുതുതായി ജോലി ചെയ്യാന്‍ പോകുന്ന സ്ഥലത്തെ ഒരു സീനിയറിന് ജൂനിയറായി വരുന്ന ആളോടുള്ള സ്‌നേഹവും ദേഷ്യവും ഈഗോയുമെല്ലാം ഈ കഥാപാത്രത്തിലൂടെ ഷമ്മി തിലകന്‍ രസകരമായി അവതരിപ്പിക്കുന്നുണ്ട്.

ഇനി ഇന്ദ്രന്‍സിന്റെ കഥാപാത്രം നോക്കിയില്‍ വരുന്ന സീനുകളിലെല്ലാം ഈ വാര്‍ഡ് മെമ്പര്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഹോം, ഉടല്‍ പോലെയുള്ള സിനിമകളിലൂടെ അഭിനയിക്കുന്ന സിനിമകളില്‍ ഇന്ദ്രന്‍സിന്റെ ഒരു അപ്രമാദിത്വം കാണാം. പാല്‍തു ജാന്‍വറിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്.

ഇടക്ക് ദേഷ്യം വരുകയും പിന്നെ ഒരു പാവം എന്നുമൊക്കെ തോന്നുന്ന, പല രീതിയിലുള്ള ഇമോഷന്‍ ഈ കഥാപാത്രത്തോട് തോന്നാം. വാര്‍ഡ് മെമ്പറനോട് അങ്ങ് അടുത്ത് കഴിയുമ്പോള്‍ ഇയാള്‍ ഈ സീനില്‍ എന്ത് ഡയലോഗാണ് പറയുന്നത് എന്ത് ചെയ്യും എന്നൊക്കെ ചിന്തിക്കും. ക്യാമറയില്‍ നായകനെയോ മറ്റ് കഥാപാത്രങ്ങളെയോ ആണ് കാണിക്കുന്നതെങ്കില്‍ പോലും ബാക്കില്‍ നിന്ന് ഈ കഥാപാത്രം എന്താണ് ചെയ്യുന്നതെന്നായിരിക്കും നമ്മള്‍ ശ്രദ്ധിക്കുക.

Content Highlight: Shammi Thilakan’s Dr. Sunil Isaac and Indran’s ward member in palthu janwer have been praised by the audience