ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ട് ഒരിക്കല്‍ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ച ക്രൈം ത്രില്ലര്‍ ചിത്രം പാപ്പന്‍ മികച്ച കാഴ്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. തുടരെ നടക്കുന്ന കൊലപാതക പരമ്പരകളില്‍ ഉത്തരം കണ്ടെത്താനായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രേക്ഷകരും സഞ്ചരിക്കുന്ന പ്രതീതിയാണ് ചിത്രം കാണുമ്പോള്‍ ഉണ്ടാകുന്നത്.
അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് ചിത്രത്തിലെ ഒരു പ്രധാന ആകര്‍ഷക ഘടകം. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങളില്‍ ഒന്നായിരുന്നു ഷമ്മി തിലകന്റേത്.
****************spoiler alert****************
ചാക്കോ എന്ന സീരിയല്‍ കില്ലറായാണ് ഷമ്മി തിലകന്‍ ചിത്രത്തിലെത്തിയത്. ആദ്യമൊക്കെ മലയാള സിനിമയിലെ കണ്ടുപഴകിയ വില്ലന്‍ എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും പിന്നീടങ്ങോട്ട് പ്രേക്ഷകരുടെ അനുമാനങ്ങളെ തെറ്റിക്കുന്നതായിരുന്നു ഈ കഥാപാത്രത്തിന്റെ നിര്‍മിതി. പ്രതികാരങ്ങള്‍ക്ക് സ്വയം ന്യായീകരണങ്ങളുണ്ടായിരുന്നു അയാള്‍ക്ക്.
‘ഞാന്‍ കൊന്നവരൊക്കെ ചാകേണ്ടിയിരുന്നവരായിരുന്നു സാറേ, ഒന്നൊഴിച്ച്, അത് ഒരു അബദ്ധം പറ്റി പോയതാണ്,’ എന്ന് അയാള്‍ പറയുമ്പോള്‍ നായകനായ എബ്രഹാം മാത്തനൊപ്പം പ്രേക്ഷകര്‍ക്കും അയാളോട് സഹാനുഭൂതി തോന്നും. തന്റെ ജീവിതത്തില്‍ വലിയ നഷ്ടങ്ങളുണ്ടാക്കിയ ചാക്കോയോട് പ്രതികാരം ചെയ്യാനാവാതെ നിസഹായനാവുന്നുണ്ട് എബ്രഹാം മാത്യു മാത്തന്‍.
ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മാത്തന്‍ വാങ്ങി നല്‍കിയ പൊറോട്ടയും ബീഫും കഴിച്ചുകൊണ്ട് ചാക്കോ താന്‍ ഇങ്ങനെ ആയതിന്റെ പിന്നിലെ കഥ പറയുന്നുണ്ട്. പാപ്പനിലെ ഏറ്റവും മനോഹരവും തീവ്രവുമായ രംഗമാണ് ഇത്.
ഷമ്മി തിലകന്‍ മനോഹരമായാണ് ചാക്കോയെ അവതരിപ്പിച്ചത്. ചാക്കോയുടെ പ്രതികാരവും നിസഹായതും ഏറ്റവും തീവ്രതയോടെ അദ്ദേഹം പ്രതിഫലിപ്പിച്ചിട്ടുണ്ട് പാപ്പനില്‍.
Content Highlight: Shammi Thilakan’s chacko was one of the most noted performances in paappan movie