സക്കീര്‍ അലി ഹുസൈന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രമായിരുന്നു 2001ല്‍ പുറത്തിറങ്ങിയ പ്രജ. ജോഷിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ ഐശ്വര്യ ഭാസ്‌കരന്‍, ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, ഷമമി തിലകന്‍, വിജയരാഘവന്‍, മനോജ് കെ. ജയന്‍ എന്നിങ്ങനെ വലിയ താരനിരയായിരുന്നു അണിനിരന്നത്.
ബലരാമന്‍ എന്ന ഷമ്മി തിലകന്റെ വില്ലന്‍ കഥാപാത്രവും ‘സക്കീര്‍ ഭായി’ ഡയലോഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രജയില്‍ അഭിനയിച്ച സമയത്തുള്ള ഒരനുഭവം പങ്കുവെക്കുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷമ്മി തിലകന്‍. പ്രജയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരുന്ന സമയത്ത് തന്റെ കാല്‍ ഒടിഞ്ഞിരിക്കുകയായിരുന്നെന്നും ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ ആ കാലില്‍ തന്നെ ലാലേട്ടന്‍ വീണ്ടും ചവിട്ടിയെന്നും പിന്നീട് ഡോക്ടര്‍മാരെ കണ്ടതിന് ശേഷമാണ് പിറ്റേദിവസം ഷൂട്ടിങ് തുടരാനായതെന്നുമാണ് ഷമ്മി പറയുന്നത്.
”പ്രജ സിനിമ ചെയ്യുന്ന സമയത്ത് എന്റെ കാല്‍ ഒടിഞ്ഞിരിക്കുകയായിരുന്നു. സിനിമ ശ്രദ്ധിച്ചാല്‍ മനസിലാകും. എന്നെ അതില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന ഷോട്ടില്‍ ബെന്‍സ് കാറില്‍ നിന്ന് ഞാന്‍ ഡോര്‍ തുറന്ന് ഇറങ്ങുമ്പോള്‍ എന്റെ വലത്തേ കാലാണ് ആദ്യം കാണുന്നത്. അതില്‍ ബാന്‍ഡേജ് ചുറ്റിയിരിക്കുകയായിരുന്നു.
അത് കഴിഞ്ഞ് ലാലേട്ടനുമായുള്ള സീനുണ്ട്. ആ സീനിന്റെ അവസാനം ലാലേട്ടന്‍ എന്റെ കഴുത്തില്‍ കൈ ചുറ്റിപ്പിടിക്കുന്നുണ്ട്. അപ്പോള്‍ ലാലേട്ടന്‍ കേറി ഇതേ കാലില്‍ ചവിട്ടി. വീണ്ടും അത് ഫ്രാക്ചറായി. അറിഞ്ഞുകൊണ്ട് ചവിട്ടിയതൊന്നുമല്ല.
പിറ്റേ ദിവസവും ഷൂട്ടുണ്ടായിരുന്നു. അന്ന് രാത്രിക്ക് രാത്രി കോതമംഗലത്തുള്ള ഒരു ആയുര്‍വേദ ഡോക്ടറുടെ വീട്ടില്‍ ചെന്നു. അവര്‍ ഈ കാല് വലിച്ചുപിടിച്ച് എന്തൊക്കെയോ ചെയ്ത് ശരിയാക്കി. അതുകൊണ്ടാണ് പിന്നീട് ഷൂട്ട് ചെയ്യാനായത്.
അങ്ങനെ ബുദ്ധിമുട്ടി ഷൂട്ട് ചെയ്ത സിനിമയായിരുന്നു പ്രജ. ഒത്തിരി എഫേര്‍ട്ടുണ്ടായിരുന്നു അതില്‍,” ഷമ്മി തിലകന്‍ പറഞ്ഞു.
അതേസമയം, ജോഷി തന്നെ സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്ര പാപ്പന്‍, ബേസില്‍ ജോസഫ് ചിത്രം പാല്‍തൂ ജാന്‍വര്‍ എന്നിവയാണ് ഷമ്മി തിലകന്‍ അഭിനയിച്ച് ഏറ്റവുമൊടുവില്‍ പുറത്തുവന്ന സിനിമകള്‍.
നിവിന്‍ പോളി ചിത്രം പടവെട്ടാണ് ഇനി പുറത്തിറങ്ങാനുള്ളത്.
Content Highlight: Shammi Thilakan recalls the shooting experience of Praja movie with Mohanlal