സിനിമയിലേയ്ക്ക് ശക്തമായി തിരിച്ചു വരണമെന്ന് ആരാധകര്‍; എളുപ്പമല്ലെന്ന് ഷമ്മി തിലകന്‍
Mollywood
സിനിമയിലേയ്ക്ക് ശക്തമായി തിരിച്ചു വരണമെന്ന് ആരാധകര്‍; എളുപ്പമല്ലെന്ന് ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd July 2019, 10:20 pm

കൊച്ചി: പത്ത് വര്‍ഷത്തിനു ശേഷം താരസംഘടനയായ AMMA യുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയ ഷമ്മി തിലകനോട് സിനിമയിലേയ്ക്ക് ശക്തമായി തിരിച്ചു വരണമെന്ന് ആരാധകര്‍. മീറ്റിങ്ങില്‍ പങ്കെടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് താഴെയാണ് ആരാധകരുടെ അഭ്യര്‍ത്ഥന.

എന്നാല്‍ മടങ്ങിവരവ് എളുപ്പമല്ലെന്ന് ഷമ്മി തിലകന്‍ മറുപടി നല്‍കി. എന്നാല്‍ ഷമ്മി തിലകന് അത് സാധിക്കുമെന്ന് ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടു.

‘പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം… കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..!.’എന്ന കുറിപ്പോടെയാണ് ജനറല്‍ ബോഡിയില്‍ പങ്കെടുത്ത വിവരം ഷമ്മി പങ്കുവെച്ചത്.

2018 ജൂണില്‍ ഷമ്മി തിലകന്‍, അച്ഛന്‍ തിലകനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ‘AMMA’യെ സമീപിച്ചിരുന്നു. 2009ലാണ് തിലകനെ AMMAയില്‍ നിന്ന് പുറത്താക്കുന്നത്.

അച്ചടക്ക നടപടിയ്ക്ക് വിശദീകരണം നല്‍കിയില്ലെന്നായിരുന്നു അന്ന് ആരോപിച്ചിരുന്ന കുറ്റം. താരസംഘടനയുമായുള്ള പ്രശ്നത്തെ തുടര്‍ന്ന കരാറായ സിനിമകളില്‍ നിന്ന് തിലകനെ ഒഴിവാക്കിയതായും അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അച്ഛനെ പിന്തുണച്ച ഷമ്മി തിലകന്‍ AMMAയുടെ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഷമ്മി സംഘടനയുമായി ഒരുമിച്ച് പോകാന്‍ തയ്യാറായത്.

തിലകനെതിരായ നടപടി പിന്‍വലിക്കണമെന്ന ഷമ്മി തിലകനും ജോയ് മാത്യുവും കഴിഞ്ഞ യോഗത്തിലും ആവര്‍ത്തിച്ചിരുന്നു. തിലകന്‍ AMMAയുടെ ഭാഗം തന്നെയാണെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

തിലകന്റെ വലിയ സംഭാവനകളെ അംഗീകരിക്കുന്നതായും തങ്ങള്‍ പുറത്താക്കിയതല്ല, പരിഭവം കാരണം അദ്ദേഹമാണു സംഘടനയില്‍ നിന്നു മാറിയതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.