#You_too_ദാസേട്ടാ.......? കഷ്ടം...: യേശുദാസിനെതിരെ ഷമ്മി തിലകനും
Kerala News
#You_too_ദാസേട്ടാ.......? കഷ്ടം...: യേശുദാസിനെതിരെ ഷമ്മി തിലകനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2018, 11:30 am

കൊച്ചി: ദേശീയ അവാര്‍ഡ് പുരസ്‌കാര വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. യു ടൂ ദാസേട്ടാ.. കഷ്ടം എന്നായിരുന്നു ഷമ്മി തിലകന്റെ വിമര്‍ശനം.

11 പേര്‍ക്കെ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് മലയാള സിനിമാ തരങ്ങളടക്കം ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നത്. ജയരാജും യേശുദാസും മാത്രമാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയത്.

പുരസ്‌കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ മെമ്മോറാണ്ടത്തില്‍ യേശുദാസും ജയരാജും ഒപ്പിടുകയും ചെയ്തിരുന്നു.


Dont Miss ദാസേട്ടാ… ജയരാജ്, നിങ്ങള്‍ രണ്ടാളും കൗശലക്കാരായ ഒറ്റുകാരാണ്: നിങ്ങള്‍ ഞങ്ങളെ ഒറ്റുകൊടുത്തു: സംവിധായകന്‍ നജീം കോയ


എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കേണ്ട സമയമായപ്പോള്‍ ഇരുവരും അതിന് തയ്യാറാവുകയായിരുന്നു. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിന് താത്പര്യമില്ലെന്നും അതുകൊണ്ടാണ് പങ്കെടുക്കുന്നതെന്നുമായിരുന്നു വിഷയത്തില്‍ യേശുദാസിന്റെ പ്രതികരണം.

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ 140 അവാര്‍ഡ് ജേതാക്കളില്‍ 68 പേരാണ് ബഹിഷ്‌ക്കരിച്ചത്. പുരസ്‌കാരം വാങ്ങാതെ നടന്‍ ഫഹദ് ഫാസിലടക്കമുള്ളവര്‍ വേദിയിലേക്ക് പോയിരുന്നില്ല. ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് സര്‍ക്കാര്‍ പരിപാടി നടത്തിയിരുന്നത്.

ചടങ്ങില്‍ പങ്കെടുത്ത യേശുദാസിന്റേയും ജയരാജിന്റേയും നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സനല്‍കുമാര്‍ ശശിധരനും സംവിധായകന്‍ റസൂല്‍ പൂക്കുട്ടിയും നജീം കോയയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ദേശീയ പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ മന്ത്രി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവിയും രംഗത്തെത്തിയിരുന്നു. ഞാന്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍ എന്ന സ്മൃതി ഇറാനിയുടെ ധാര്‍ഷ്ട്യം തെറ്റാണെന്നും ഒരു മന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ പതിനൊന്നു പേര്‍ ഒഴികെയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഉപരാഷ്ട്രപതിയോട് ആവശ്യപ്പെടേണ്ടത് സ്മൃതി ഇറാനിയുടെ കടമയായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞിരുന്നു.