| Monday, 15th October 2018, 11:35 pm

സിനിമയില്‍ അഭിനയിക്കുന്നത് വിലക്കിയത് മുകേഷ്; റിട്ടയര്‍മെന്റ് സ്‌കീമായി എ.എം.എം.എ പണം നല്‍കുന്നത് എന്തിനെന്ന് വ്യക്തമാക്കണം: ഷമ്മി തിലകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സിനിമയില്‍ അവസരനിഷേധമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ഷമ്മി തിലകന്‍. വിനയന്റെ സിനിമയില്‍ അഭിനയിക്കുന്നത് മുകേഷ് വിലക്കിയെന്നും ഷമ്മി തിലകന്‍ പറഞ്ഞു. സിനിമയില്‍ അവസരനിഷേധമോ ജോലിസാധ്യത ഇല്ലാതാക്കലോ ഇല്ലെന്ന സിദ്ദിഖിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകന്‍ .

സിനിമയില്‍ നിന്നും മുകേഷ് വിലക്കിയതിനു ശക്തമായ തെളിവുണ്ടെന്നും ഷമ്മി തിലകന്‍ പറഞ്ഞു. “വിനയന്റെ ചിത്രത്തിനായി അഡ്വാന്‍സ് വാങ്ങിയതാണ്. അതെന്നെക്കൊണ്ട് നിര്‍ബന്ധിച്ച് തിരിച്ചുകൊടുപ്പിച്ചു. മുകേഷാണ് അതില്‍ ഇടപെട്ടത്. ഈ വിഷയം കോടതിയില്‍ പറഞ്ഞിട്ടുമുണ്ട്. മുകേഷ് ഇത് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാന്‍ കഴിയില്ല.


ഭയന്നതുകൊണ്ടാണ് അന്ന് വഴങ്ങിയത്. എന്റെ കയ്യില്‍ വ്യക്തമായ തെളിവുകളുണ്ട്. എന്തിനെന്നെ പുറത്താക്കി എന്ന് എനിക്ക് വ്യക്തമായി അറിയാം” ഷമ്മി തിലകന്‍ പറഞ്ഞു. “തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാമെന്നും ഷമ്മി പറഞ്ഞു.

“തനിക്ക് എ.എം.എം.എ പ്രതിമാസം 5000 രൂപ നല്‍കുന്നത് എന്തിനെന്ന് എ.എം.എം.എ വ്യക്തമാക്കണം. സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്യണമെന്നാണോ അമ്മ ഉദ്ദേശിക്കുന്നത്. സിനിമയില്ലാത്തതുകൊണ്ടാകണം അസോസിയേഷന്റെ റിട്ടയര്‍മെന്റ് സ്‌കീമായി ഈ തുക നല്‍കിയത്. കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അത് തിരിച്ചുനല്‍കി. എനിക്കതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു.


മുപ്പതുവര്‍ഷത്തോളമായി സിനിമയില്‍ കലാകാരനായി തുടരുന്ന വ്യക്തിയാണ് ഞാന്‍. അമ്മയുടെ ഫൗണ്ടര്‍ മെമ്പറാണ്. അമ്മയ്ക്ക് അഞ്ച് കോടി നേടിക്കൊടുത്ത ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ പ്രതിഫലം പോലും വാങ്ങാതെ അഭിനയിച്ചയാളാണ് ഞാന്‍. ഇത്ര വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ റിട്ടയര്‍ ചെയ്യണമെന്ന രീതിയിലാണോ എനിക്ക് 5000 രൂപ നല്‍കിയത്? കൈനീട്ടമെന്നാണ് അതിന് നല്‍കിയിരിക്കുന്ന പേര്. വാസ്തവത്തില്‍ അത് റിട്ടയര്‍മെന്റ് സ്‌കീമാണ്- ഷമ്മി തിലകന്‍ പറഞ്ഞു.

അതേസമയം, മോഹന്‍ലാലിന്റെ പ്രസിഡന്റ് പദത്തില്‍ വിശ്വാസമുണ്ടെന്നു ഷമ്മി പറഞ്ഞു. അച്ഛന്റെ വിഷയത്തില്‍ കഴിഞ്ഞയാഴ്ചയും ലാലേട്ടനുമായും സംസാരിച്ചിരുന്നു. പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ഡബ്ല്യു.സി.സി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more