ഉമ്മന്‍ ചാണ്ടി സാര്‍ മാപ്പ്, സാമൂഹ്യദ്രോഹികളുടെ ഇടപെടല്‍ മൂലം അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു: ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പുമായി ഷമ്മി തിലകന്‍
Kerala News
ഉമ്മന്‍ ചാണ്ടി സാര്‍ മാപ്പ്, സാമൂഹ്യദ്രോഹികളുടെ ഇടപെടല്‍ മൂലം അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു: ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പുമായി ഷമ്മി തിലകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2023, 1:19 pm

കോഴിക്കോട്: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഷമ്മി തിലകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയോട് മാപ്പ് ചോദിക്കുന്ന അദ്ദേഹം സാമൂഹ്യദ്രോഹികളുടെ ഇടപെടല്‍ മൂലം കുറച്ച് കാലത്തേക്കെങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നുവെന്നും പറയുന്നു.

ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗണേഷ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടിനൊപ്പമാണ് ഷമ്മി തിലകന്റെ പ്രതികരണം. പ്രതികാര ദാഹത്താല്‍ ഉമ്മന്‍ ചാണ്ടിയുടെ ആത്മാവില്‍ നിന്നുണ്ടാകുന്ന കൊടുങ്കാറ്റ് ഈ സാമൂഹ്യദ്രോഹികളുടെ മേല്‍ മാത്രം പതിപ്പിക്കണമെന്നും അതുവഴി അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്ത നല്ല കമ്യൂണിസ്റ്റുകാരെ ഒഴിവാക്കണമെന്നും ഷമ്മി തിലകന്‍ പറയുന്നു.

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടിലുള്ളത്. കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായി എന്നുമാണ് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല എന്നും അത് പിന്നീട് എഴുത്തിച്ചേര്‍ത്തതാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം കേസില്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നാണ് ശരണ്യമനോജ് പറയുന്നത്. ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞിട്ടാണ് കേസില്‍ ഇടപെട്ടതെന്നും ശരണ്യമനോജ് പറയുന്നു.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉമ്മന്‍ചാണ്ടി സാര്‍ മാപ്പ്. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു. ഒപ്പം, പ്രതികാരദാഹത്താല്‍ അങ്ങയുടെ ആത്മാവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിസ്‌ഫോടനത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാന്‍ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ് ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു. ലാല്‍സലാം.സത്യമേവജയതേ

content highlights: Shammi Thilakan against Ganesh Kumar on solar case and oommenchandy