Entertainment news
തിലകന്‍ ചേട്ടന്റെ മകന്റെ ആഗ്രഹം ഞാന്‍ സാധിച്ച് തരുമെന്ന് അദ്ദേഹം പറഞ്ഞു; സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് ഞാന്‍ കരുതി: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 17, 12:05 pm
Friday, 17th March 2023, 5:35 pm

പാപ്പന്‍ സിനിമയുടെ ഷൂട്ടിനിടെ സംഭവിച്ച രസകരമായ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് നടന്‍ ഷമ്മി തിലകന്‍. താന്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാത്തതുകൊണ്ട് സുരേഷ് ഗോപി മധുര പലഹാരം തനിക്ക് തന്നുവെന്നും തന്റെ ജാഡകൊണ്ട് ഒരെണ്ണം മാത്രമെ എടുത്തൊള്ളുവെന്നും ഷമ്മി പറഞ്ഞു. എന്നാല്‍ നല്ല രുചിയുള്ള പലഹാരമാണെന്ന് കഴിച്ച് കഴിഞ്ഞപ്പോഴാണ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

പിന്നെ ചമ്മലുണ്ടെങ്കിലും അദ്ദേഹത്തോട് ഒരെണ്ണം കൂടി തരുമോ എന്ന് ചോദിച്ചുവെന്നും എന്നാല്‍ ആ പലഹാരം അപ്പോഴേക്കും തീര്‍ന്നുപോയെന്നും ഷമ്മി തിലകന്‍ പറഞ്ഞു. പിന്നീട് തനിക്ക് വേണ്ടി ദല്‍ഹിയില്‍ നിന്നും സുരേഷ് ഗോപി അതേ പലഹാരം വാങ്ങി വന്നുവെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘പാപ്പന്റെ ഷൂട്ടിങ്ങിനിടക്കാണ് അത് സംഭവിക്കുന്നത്. ഞാന്‍ ആണെങ്കില്‍ രാത്രിയില്‍ ഭക്ഷണം കഴിക്കുന്നയാളല്ല. ഒരു ദിവസം രാത്രിയില്‍ ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്, ഫുഡ് കഴിക്കാത്തത് കൊണ്ട് എനിക്ക് എനര്‍ജി കുറവുള്ളതുപോലെ സുരേഷ് ജീക്ക് തോന്നിയിരിക്കാം. എനിക്ക് പുള്ളി എന്തോ ഒരു സ്വീറ്റ് കഴിക്കാന്‍ വേണ്ടി കൊണ്ടുവന്നു. എനിക്ക് മാത്രമല്ല നൈല ഉഷക്കും അങ്ങനെ എല്ലാവര്‍ക്കും കൊടുത്തു.

ആദ്യം രണ്ടെണ്ണമോ മറ്റോ തന്നതാണ്. അപ്പോള്‍ നമ്മളൊരു ജാഡക്ക് ഒരെണ്ണം മാത്രമെ എടുത്തൊള്ളു. അതിന്റെ പകുതി കൂടെയിരുന്ന സുഹൃത്തിനും കൊടുത്തു. എനിക്കാണെങ്കില്‍ മധുരം അത്ര ഇഷ്ടമല്ല. പക്ഷെ ഈ സാധനം കടിച്ച് കഴിഞ്ഞപ്പോഴാണ് തള്ളേ… ഭയങ്കര ടേസ്റ്റ്. കുറച്ച് കൂടി കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നി. ഞാന്‍ അപ്പുറത്തിരുന്ന സുഹൃത്തിനെ നോക്കി അയാളത് കഴിക്കുകയും ചെയ്തു.

ആകെയൊരു ചമ്മലായി പോയി. ഭയങ്കര വിഷമത്തില്‍ ഞാന്‍ സുരേഷ് ജീയുടെ അടുത്ത് ചെന്ന് അത് തീര്‍ന്നോ എന്ന് ചോദിച്ചു. അയ്യോ ഷമ്മി അത് തീര്‍ന്നു എന്ന് ഭയങ്കര വിഷമത്തില്‍ പുള്ളി പറഞ്ഞു. പുള്ളിയുടെ ശരിക്കുമുള്ള ക്യാരക്ടര്‍ മനസിലാകുന്നത് അവിടെയാണ്. ഞാന്‍ വീണ്ടും ചോദിച്ചപ്പോള്‍ സാധനം തീര്‍ന്നുപോയത് പുള്ളിക്ക് വലിയ വിഷമമായി പോയി.

നിന്നോട് ആദ്യമേ ചോദിച്ചതല്ലേ എന്നൊക്കെ പറഞ്ഞ് പുള്ളി ചൂടായി. അയ്യോ ഞാന്‍ വെറുതെ ചോദിച്ചതെയുള്ളു എന്ന് പറഞ്ഞ് ഞാന്‍ പോയി. തിലകന്‍ ചേട്ടന്റെ മോന്റെ ഇഷ്ടം ഞാന്‍ സാധിച്ച് തരുമെന്ന് പുള്ളി അപ്പോള്‍ തന്നെ പറഞ്ഞു. എന്നെ സുഖിപ്പിക്കാന്‍ വേണ്ടി പുള്ളി അപ്പോള്‍ പറഞ്ഞതായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പിന്നെ ഒരു ദിവസം പുള്ളി പാര്‍ലമെന്റ് സമ്മേളനമൊക്കെ കഴിഞ്ഞ് ദല്‍ഹിയില്‍ നിന്ന് ആ സാധനം എനിക്കുവേണ്ടി വാങ്ങി വന്നു,’ ഷമ്മി തിലകന്‍ പറഞ്ഞു.

content highlight: shammi thilakan about suresh gopi