ഒന്നും ചെയ്യാതെ, ഒരു നിലപാടുമില്ലാതെയിരുന്നാല്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടാകുമോ; അമ്മ പ്രസിഡന്റ് എന്ന നിലയിലുള്ള മോഹന്‍ലാലിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ഷമ്മി തിലകന്‍
Film News
ഒന്നും ചെയ്യാതെ, ഒരു നിലപാടുമില്ലാതെയിരുന്നാല്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടാകുമോ; അമ്മ പ്രസിഡന്റ് എന്ന നിലയിലുള്ള മോഹന്‍ലാലിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് ഷമ്മി തിലകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th December 2021, 9:48 am

മലയാളസിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ 2021-24 ഭരണസമിതിയിലേക്ക് വരുന്ന ഒമ്പതിനാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. തെരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ഷമ്മി തിലകന്റെ നോമിനേഷന്‍ തള്ളുകയും ഇതിനെതിരെ ഷമ്മി തിലകന്‍ സംഘടനക്കെതിരെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.

അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലില്‍ വിശ്വാസമുണ്ടെന്നും ഇല്ലെന്നും പറയാനാവില്ലെന്നു പറയുകയാണ് ഷമ്മി തിലകന്‍.
ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമ്മി തന്റെ നിലപാടുകള്‍ പറഞ്ഞത്.

‘പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാലില്‍ വിശ്വാസം ഉണ്ടെന്നോ ഇല്ലെന്നോ തല്‍ക്കാലം പറയാന്‍ പറ്റുന്നില്ല. അതുപോലെയുള്ള എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാലല്ലേ പറയാന്‍ പറ്റൂ. ഞാന്‍ ഒരു പ്രസിഡന്റായാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആളുകള്‍ക്ക് എന്നില്‍ വിശ്വാസമുണ്ടാകുന്നത്. ഒന്നും ചെയ്യാതെ ഒരു നിലപാടുമില്ലാതെയിരുന്നാല്‍ ആര്‍ക്കെങ്കിലും വിശ്വാസമുണ്ടാകുമോ?,’ ഷമ്മി പറഞ്ഞു.

‘ഷമ്മിയെ വിളിച്ചാല്‍ കൃത്യമായി കാര്യങ്ങള്‍ പറയും എന്നൊരു വിശ്വാസമില്ലേ. അതുകൊണ്ടാണ് നിങ്ങള്‍ എന്നെ വിളിക്കുന്നത്. വ്യക്തിത്വം വ്യക്തമാകുന്ന നിലയിലുള്ള നിലപാടുകള്‍ കൃത്യമായി എടുക്കുമ്പോഴാണ് വിശ്വാസമുണ്ടാകുന്നത്. നാം ഒരു ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അല്ലെങ്കില്‍ നമ്മെ ആശ്രയിച്ചു കഴിയുന്ന അംഗങ്ങള്‍ക്ക് വിശ്വാസമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമയെയാണ് വിശ്വാസം എന്ന് പറയുന്നത്.

അങ്ങനെയെന്തെങ്കിലും കണ്ടാലല്ലേ വിശ്വസമുണ്ടെന്ന് പറയാന്‍ പറ്റൂ. അതുകൊണ്ടാണ് ഉണ്ടെന്നും ഇല്ലെന്നും പറയാത്തത്. ചിലര്‍ക്കത് ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. എനിക്ക് ഇഷ്ടപ്പെടണമെന്ന് ഞാന്‍ ശഠിക്കേണ്ട കാര്യമില്ല. പക്ഷേ അദ്ദേഹം ഒരു സ്ഥാനത്തിരിക്കുമ്പോള്‍ ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ അമ്മ സംഘടനയില്‍ ഒരു സുതാര്യതയില്ലായ്മയുണ്ട്. നിങ്ങളെപ്പോലുള്ള അറിവുള്ളവര്‍ ഇതേക്കുറിച്ച് പറഞ്ഞു തന്നാല്‍ നമ്മള്‍ അതിനുവേണ്ടിയുള്ള എല്ലാ നടപടികളും കൈക്കൊള്ളാം എന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്.

അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഓഫീസില്‍ ചെന്ന് ചില രേഖകളും രജിസ്റ്ററും വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പല രേഖകളും തരാന്‍ അവര്‍ വിമുഖത കാണിച്ചു. എനിക്കതില്‍ കൂടുതല്‍ സംശയങ്ങളുണ്ടായി. തുടര്‍ന്ന് തിരുവനന്തപുരത്ത് ചെന്ന് രജിസ്ട്രാറുടെ കൈയ്യിലുണ്ട്. ല്‍ നിന്നും വിവരാവകാശനേിയമ പ്രകാരം രേഖകള്‍ സംഘടിപ്പിച്ച് മോഹന്‍ലാലിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ആ റിപ്പോര്‍ട്ടിന്മേല്‍ യാതൊരു വിധ നടപടിയുമുണ്ടായില്ല. അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടി എന്നോട് ആവശ്യപ്പെട്ടതായാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്,’ ഷമ്മി തിലകന്‍ പറഞ്ഞു.

അപേക്ഷയിലെ ഒരു കോളത്തില്‍ ഒപ്പിട്ടില്ല എന്ന കാരണത്താലായിരുന്നു ഷമ്മി തിലകന്റെ നോമിനേഷന്‍ തള്ളിയത്. ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിനെതിരെയും ലിസ്റ്റില്‍ നിന്നും നോമിനേഷന്‍ തള്ളപ്പെട്ടതിനെതിരെയും പ്രതിഷേധിച്ച് ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു.

തന്റെ നോമിനേഷന്‍ മനപൂര്‍വം തള്ളിയതെണെന്നും താന്‍ മത്സരിക്കരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നും ഷമ്മി പറഞ്ഞിരുന്നു. അതേസമയം അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവെള ബാബവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Shammi thilakan about mohanlal as president of amma