| Friday, 20th November 2020, 8:43 pm

ബിനീഷോ ദിലീപോ അല്ല പുറത്തുപോകേണ്ടത്, സ്ഥാനത്തിരിക്കുന്ന മറ്റുചിലരാണ്; ഷമ്മി തിലകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടനയായ ‘അമ്മ’യില്‍ അംഗങ്ങള്‍ തമ്മിലുള്ള വാക്‌പോര് രൂക്ഷം. ഈ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുകയാണ്. ദിലീപോ ബിനീഷോ അല്ല പുറത്താകേണ്ടത്, മറിച്ച് സ്ഥാനത്ത് ഇരിക്കുന്ന ചിലരാണ് എന്ന് അദ്ദേഹം പറഞ്ഞു. ബിനീഷിന്റെ വിഷയം ഇന്നലെ വന്നതാണെന്നും അതിലും വലിയ വിഷയങ്ങള്‍ വേറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘തിലകന്റെ പ്രശ്‌നം, പാര്‍വതി തിരുവോത്തിന്റെ രാജി, എന്റെ പ്രശ്‌നം അങ്ങനെ ഒരുപാട് ഉണ്ട്. ബിനീഷ് കോടിയേരിയുടെ വിഷയത്തില്‍ നിയമപരമായി എല്ലാവരോടും ചെയ്യുന്നത് എന്താണോ അത് ചെയ്യുക. കെടുകാര്യസ്ഥതയാണ് അമ്മ എന്ന സംഘടനയിലെ ഏറ്റവും വലിയ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

‘തിലകന്‍ എന്ന നടനാണ് അമ്മയിലെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷി എന്നു പറയാം. രക്തസാക്ഷികള്‍ ബഹുമാനിക്കപ്പെടും എന്നതുകൊണ്ടാണ് അമ്മയില്‍ ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും ജനങ്ങള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്. അമ്മയിലെ പ്രഥമ അംഗം എന്ന് എന്നെ വേണമെങ്കില്‍ പറയാം. അത് അഹങ്കാരത്തോടെ തന്നെ പറയുന്ന വ്യക്തിയാണ് ഞാനും. എന്റെ കാശുകൊണ്ടാണ് അതിന്റെ ലെറ്റര്‍പാഡ് അടിച്ചത്’, ഷമ്മി പറഞ്ഞു.

താന്‍ ഒരിക്കലും രാജിവയ്ക്കില്ലെന്നും പാര്‍വതി രാജി വച്ചപ്പോഴും താന്‍ ഇത് തന്നെ ആണ് പറഞ്ഞതെന്നും ഷമ്മി പറഞ്ഞു. അതേസമയം പാര്‍വതി രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും രാജി വച്ച് പുറത്തുപോവേണ്ടവര്‍ വേറെ എത്രയോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ബിനീഷ് കോടിയേരിയെയോ ദിലീപിനെയോ പുറത്താക്കേണ്ട ആവശ്യമില്ല. അവര്‍ കുറ്റവാളികളാണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. കുറ്റാരോപിതര്‍ മാത്രമാണ്. നിയമപരമായി, കോടതി കുറ്റവാളികളെന്ന് പറയുമ്പോള്‍ മാത്രമാണ് ഒരാള്‍ രാജിവെയ്‌ക്കേണ്ടത്. ഏതെങ്കിലും നേതൃസ്ഥാനത്ത് ഇരിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാനം രാജി വയ്ക്കാം. രാഷ്ട്രീയത്തിലൊക്കെ അങ്ങനെയല്ല?. നമ്മുടെ ഭരണഘടന പോലും ഇതാണ് വ്യക്തമാക്കുന്നത്’ അദ്ദേഹം പറഞ്ഞു.

എങ്ങനെ, എന്തുകൊണ്ട്, ആരെ എന്നതാണ് അമ്മയിലെ വിഷയം. കാരണം പുറത്താക്കാന്‍ അധികാരമില്ലാത്തവരാണ് അവിടെ സ്ഥാനത്ത് ഇരിക്കുന്നത്. അവരാണ് പുറത്താകേണ്ടത്. അത് തെളിവു സഹിതം ഞാന്‍ അമ്മയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content higlights: Shammi thilakan about AMMA meeting

We use cookies to give you the best possible experience. Learn more