ജനങ്ങളുടെ സുരക്ഷയേക്കാള്‍ വലുതല്ല മറ്റൊന്നും; ഐ.എസ്.ഐ.എസില്‍ ചേര്‍ന്ന ഷമീമ ബീഗത്തിന് പ്രവേശനം നിഷേധിച്ച് ബ്രിട്ടണ്‍
World News
ജനങ്ങളുടെ സുരക്ഷയേക്കാള്‍ വലുതല്ല മറ്റൊന്നും; ഐ.എസ്.ഐ.എസില്‍ ചേര്‍ന്ന ഷമീമ ബീഗത്തിന് പ്രവേശനം നിഷേധിച്ച് ബ്രിട്ടണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th February 2021, 5:54 pm

ലണ്ടന്‍: ഐ.എസ്.ഐ.എസില്‍ ചേരാനായി ബ്രിട്ടണില്‍ നിന്നും സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന് രാജ്യത്ത് പ്രവേശനം നിഷേധിച്ച് യു.കെ. 2019ല്‍ ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളഞ്ഞിരുന്നു. ഇതിനെതിരെ ഹരജി നല്‍കിയുന്ന ഷമീമ ബ്രിട്ടണില്‍ പ്രവേശിക്കുന്നതിന് അനുമതി തേടിയിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രവേശനാനുമതി നല്‍കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

പൗരത്വം നിഷേധിച്ചതിനെതിരെ ഷമീമ നല്‍കിയ ഹരജിയില്‍ ബ്രിട്ടണിലേക്ക് തിരികെ വന്ന് കേസില്‍ വാദം നടത്താമെന്ന് യു.കെ കോര്‍ട്ട് ഓഫ് അപ്പീല്‍ കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിയില്‍ നാല് തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു.

സുപ്രീം കോടതി പ്രസിഡന്റായ ലോര്‍ഡ് റോബര്‍ട്ട് റീഡാണ് വിധി പ്രഖ്യാപിച്ചത്. ശരിയായ രീതിയില്‍ വാദം നടത്തുന്നതിനുള്ള ഷമീമ ബീഗത്തിന്റെ അവകാശം മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്നതാകരുതെന്നാണ് പ്രവേശനം വിലക്കിക്കൊണ്ട് ലോര്‍ഡ് റീഡ് പ്രഖ്യാപിച്ചത്. ജനങ്ങളുടെ സുരക്ഷയേക്കാള്‍ വലുതല്ല വാദം നടത്തുന്നതിനുള്ള ഷമീമയുടെ അവകാശമെന്നായിരുന്നു ലോര്‍ഡ് റീഡ് പറഞ്ഞത്.

കോര്‍ട്ട് ഓഫ് അപ്പീല്‍ ആഭ്യന്തരമന്ത്രിയുടെ വിലയിരുത്തലുകള്‍ പരിഗണിക്കാതെയാണ് ഷമീമക്ക് പ്രവേശനാനുമതി നല്‍കിയതെന്നും സുപ്രീം കോടതി പറഞ്ഞു. ഷമീമ ബീഗം ജനങ്ങളുടെ സുരക്ഷക്ക് വെല്ലുവിളിയല്ലെന്ന് ഉറപ്പ് വരുന്നത് ടെ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

2015ല്‍ തന്റെ പതിനഞ്ചാം വയസ്സിലാണ് രണ്ട് സഹപാഠികളോടൊപ്പം ഐ.എസ്.ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് പോകുന്നത്. 2019ല്‍ ഷമീമയെ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന സാജിദ് ജാവിദ് 2019 ഫെബ്രുവരി 19ന് ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയായിരുന്നു. ഇപ്പോള്‍ 21 വയസ്സുള്ള ഷമീമ പൗരത്വം നഷ്ടമായതിന് തുടര്‍ന്ന് സിറിയയില്‍ തടങ്കലിലാണ്.

സുപ്രീം കോടതിയുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമപരമായ വിചാരണക്കുള്ള അവകാശമാണ് നമ്മള്‍ എല്ലാവരെയും സംരക്ഷിക്കുന്നതെന്നും കൃത്യമായ നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരാളുടെ പൗരത്വം റദ്ദാക്കുന്നത് അപകടകരമായ മാതൃകയാണെന്നും സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Shamima Begum, UK teen who joined ISIS, not allowed to return home to fight for citizenship