| Friday, 4th November 2022, 6:16 pm

ലോകകപ്പ് സ്‌ക്വാഡില്‍ നിന്നൊഴിവാക്കിയപ്പോള്‍ ഷമി അപ്‌സെറ്റ് ആയിരുന്നു, അദ്ദേഹമത് പ്രകടിപ്പിച്ചില്ലെന്നേയുള്ളൂ: മുന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിനായുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഷമിയെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം ട്രാവലിങ് റിസര്‍വിലാണ് താരത്തിന്റെ പേരുണ്ടായിരുന്നത്.

തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പരിക്കേറ്റ് ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായതോടെയാണ് ഷമിയെ പകരക്കാരനാക്കിയത്. തുടക്കത്തില്‍ ഷമിയെ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇതുവരെ നടന്ന ഇന്ത്യയുടെ നാല് മത്സരങ്ങളിലും ഷമി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

എന്നാല്‍ ആദ്യം ടീമിലുള്‍പ്പെടാതിരുന്നത് ഷമിയെ അപ്‌സറ്റ് ആക്കിയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരത്തിന്റെ മുന്‍ പരിശീലകന്‍
മുഹമ്മദ് ബദ്രുദ്ദീന്‍.

ഇന്ത്യന്‍ എകസ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കോച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്.

”ആദ്യം ഷമിക്ക് നല്ല ദേഷ്യമാണ് തോന്നിയത്. അദ്ദേഹമത് പ്രകടിപ്പിച്ചില്ലെന്നേയുള്ളൂ. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ അദ്ദേഹത്തെ പരിഗണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആദ്യമുണ്ടായിരുന്നത്.

അവിടുത്തെ പിച്ചുകള്‍ അദ്ദേഹത്തിന്റെ ബൗളിങ്ങിന് അനുയോജ്യമായിരുന്നു. എന്നാല്‍ സെലക്ഷന്‍ കിട്ടിയില്ലെന്നറിഞ്ഞപ്പോള്‍ അദ്ദേഹം വല്ലാതെ അപ്‌സറ്റ് ആയി.

എന്നിട്ടും അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത് നിര്‍ത്തിയിരുന്നില്ല. അദ്ദേഹം നനഞ്ഞ 10 പന്തുകള്‍ തുടര്‍ച്ചയായി എറിയും. നനഞ്ഞ പന്തില്‍ ഗ്രിപ് കിട്ടാന്‍ പ്രയാസമാണ്. തന്റെ ബൗളിങ് മെച്ചപ്പെടുത്താന്‍ ഷമി ദിവസേന 100 പന്തെങ്കിലും എറിയും.

ഷമി വേഗവും സാവധാനവുള്ള രണ്ട് പിച്ചുകള്‍ പരിശീലനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. നാല് മണിക്കൂറെങ്കിലും ഓടാന്‍ ഇപ്പോഴും ഷമിക്കാകും. ഓട്ടമാണ് ഷമിക്ക് പ്രധാനം, അദ്ദേഹം ജിമ്മില്‍ പോകാന്‍ താത്പര്യപ്പെടാത്തയാളാണ്.

ഏക്കറുകണക്കിന് ഭൂമിയുണ്ട് ഷമിക്ക്. കൃഷിയില്ലാത്ത സ്ഥലത്ത് ട്രാക്ടര്‍ കൊണ്ടുവന്ന് തന്നത്താന്‍ അവിടെയുള്ള മണ്ണിളക്കി മറിക്കും. ഓട്ടമാണ് പ്രധാനം, മണിക്കൂറുകളോളം ഓടും,’ കോച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ടി-20 ലോകകപ്പില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഞായറാഴ്ച സിംബാബ്‌വേക്കെതിരെയാണ് ടീം ഇന്ത്യയുടെ അവസാന സൂപ്പര്‍-12 മത്സരം.

പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല എന്നതിനാല്‍ സിംബാബ്‌വേക്കെതിരെയും ഷമി ഇറങ്ങും എന്നാണ് സൂചനകള്‍.

Content Highlights: Shami’s coach Mohammad Badruddin has revealed the pacer’s initial reaction on not being named in the T20 World Cup squad

We use cookies to give you the best possible experience. Learn more