അഫ്ഗാനിസ്ഥാനെതിരായ ടി-ട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. ഇനി ഇംഗ്ലണ്ടുമായിട്ടുള്ള ഇന്ത്യയുടെ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്. ജനുവരി 25നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ നിര്‍ണായക മത്സരത്തിന് മുമ്പേ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്.
ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നും മുഹമ്മദ് ഷമി പരിക്കിനെ തുടര്‍ന്ന് മാറി നില്‍ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രിക്ക് ബസ് റിപ്പോര്‍ട്ട് പ്രകാരം താരത്തിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് അറിയുന്നത്.
ഇതേതുടര്‍ന്ന് താരം ലണ്ടനില്‍ പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്‍.സി.എ സ്‌പോട്‌സ് തലവന്‍ നിതിന്‍ പട്ടേലും ഷമിക്കൊപ്പം ചേരാന്‍ സാധ്യതയുണ്ട്. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അസോസിയേഷന്‍ സന്ദര്‍ശിച്ച ശേഷമാണ് താരം വിദഗ്ദ്ധ ഉപദേശം വാങ്ങിയത്. ലോകകപ്പിന് ശേഷം കണങ്കാല്‍ പരിക്കിനെതുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഷമി.
2023 ഐ.സി.സി ലോകകപ്പില്‍ ഏഴു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 24 വിക്കറ്റുകളാണ് ഷമി പിഴുതെടുത്തത്. ഈ മിന്നും പ്രകടനത്തോടെ ഒരുപിടി മികച്ച റെക്കോഡുകളും ഷമി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഒരു ലോകകപ്പില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന അവിസ്മരണീയമായ നേട്ടം ഷമി സ്വന്തമാക്കിയിരുന്നു. സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മുഹമ്മദ് ഷമിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം.
ഇതിന് പുറമെ ലോകകപ്പില്‍ ഇന്ത്യക്കായി 50 വിക്കറ്റ് നേടുന്ന ആദ്യ താരം, ഏക താരം എന്ന സിംഹാസനത്തിലേക്ക് ഷമി നടന്നുകയറിയതും ഇതേ ലോകകപ്പില്‍ തന്നെയായിരുന്നു.
ഇംഗ്ലണ്ടിനോടുള്ള പരമ്പരയില്‍ മുഹമ്മദ് സിറാജിനേയും ജസ്പ്രീത് ബുംറയേയും ഇന്ത്യക്ക് ലഭ്യമാകും.
Content Highlight: Shami is unlikely to play against England