ഇന്ത്യയില്‍ ഇത് സ്വന്തമാക്കാന്‍ കുറച്ച് പാടാ! 16 വര്‍ഷങ്ങള്‍ക്ക് ശേഷം കിടിലന്‍ റെക്കോഡ് തൂക്കി ഷമി
Sports News
ഇന്ത്യയില്‍ ഇത് സ്വന്തമാക്കാന്‍ കുറച്ച് പാടാ! 16 വര്‍ഷങ്ങള്‍ക്ക് ശേഷം കിടിലന്‍ റെക്കോഡ് തൂക്കി ഷമി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd September 2023, 6:48 pm

ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടിയിരുന്നു. 10 ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 276 നേടി പുറത്തായി.

53 പന്തില്‍ 52 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ജോഷ് ഇംഗ്ലീസ് 45 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവന്‍ സ്മിത് 41 റണ്‍സ് നേടി.

അഞ്ച് വിക്കറ്റ് നേട്ടത്തോടെ പുതിയ ഒരു റെക്കോഡാണ് ഷമി സ്വന്തം പേരില്‍ കുറിച്ചത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പേസര്‍ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. അപൂര്‍വമായൊരു റെക്കോഡാണ് താരത്തിനൊപ്പം വന്ന് ചേര്‍ന്നത്.

ആദ്യ ഓവറില്‍ തന്നെ മിച്ചല്‍ മാര്‍ഷിനെ പറഞ്ഞയച്ചുകൊണ്ടാണ് ഷമി തുടങ്ങിയത്. പിന്നീട് വാര്‍ണറുമായി കൂട്ടുക്കെട്ടുണ്ടാക്കി താളം കണ്ടെത്തിയ സ്റ്റീവ് സമിത്തിനെ ബൗള്‍ഡാക്കി ഷമി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

മാര്‍ക്കസ് സ്റ്റോയിനിസിനെ ക്ലീന്‍ ബൗള്‍ഡാക്കി ഷമി തന്നെ വേട്ട തുടരുകയായിരുന്നു. പിന്നീട് മാറ്റ് ഷോര്‍ട്ടിനെയും ഷോണ്‍ അബോട്ടിനെയും പുറത്താക്കി ഷമി ഫൈഫര്‍ നേടുകയായിരുന്നു.

ഷമിയെ കൂടാതെ ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. അഞ്ചാം ബൗളറായെത്തിയ താക്കൂറിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.

 

 

Content Highlight: Shami becomes First Indian Pacer to Take fifer in Odis after 16 years