അഫ്ഗാനിസ്ഥാനെതിരായ ടി-ട്വന്റി പരമ്പരക്ക് ശേഷം ഇംഗ്ലണ്ടുമായിട്ടുള്ള ഇന്ത്യയുടെ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ നടത്താനിരിക്കുകയാണ്. ജനുവരി 25നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ നിര്‍ണായക മത്സരത്തിന് മുമ്പേ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നും മുഹമ്മദ് ഷമി പരിക്കിനെ തുടര്‍ന്ന് പുറത്തായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി താരം കണങ്കാല്‍ പരിക്കിനെതുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
‘ഷമി പന്തെറിയുന്നില്ല, അവന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കുകയാണ്. അവന് ആദ്യ രണ്ട് ടെസ്റ്റ് നഷ്ടമാകും. ഹെര്‍ണിയ സര്‍ജറിക്ക് വിധേയനായ സൂര്യക്കും തിരിച്ചുവരാന്‍ കൂടുതല്‍ സമയം ആവശ്യമാണ്, എട്ടു മുതല്‍ ഒമ്പത് മാസം വരെ അത് നീളും. അവന്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി തിരിച്ചുവരും,’ ബി.സി.സി.ഐ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു.
സൗത്ത് ആഫ്രിക്കക്ക് എതിരെ നടന്ന ടെസ്റ്റില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ കഴിയാഞ്ഞതിനാല്‍ താരത്തെ പുറത്ത് നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും സൂര്യകുമാര്‍ ടി-ട്വന്റി ക്യാപ്റ്റനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.