| Monday, 20th November 2017, 7:43 pm

'നിന്റെ ഉഡായിപ്പൊന്നും ഇങ്ങോട്ട് വേണ്ട'; മത്സരം വൈകിപ്പിക്കാന്‍ ലങ്കന്‍ താരത്തിന്റെ കുറുക്കു വിദ്യ; ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്ന് ഷമിയും, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ അവസാന നിമിഷങ്ങളില്‍ ഈഡന്‍ ഗാര്‍ഡന്‍ സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങള്‍ക്ക്. വിജയം ലക്ഷ്യമിട്ട് ഇന്ത്യയും സമനില പിടിക്കാന്‍ ലങ്കയും തുനിഞ്ഞിറങ്ങിയതോടെ കളിക്കളത്തിന് ചൂടു പിടിക്കുകയായിരുന്നു. കളിയവസാനിക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങളും ലങ്കന്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്ക്‌വെല്ലയും കോര്‍ക്കുകയും ചെയ്തു.

നായകന്‍ വിരാട് കോഹ്‌ലിയുടെ  സെഞ്ച്വറിയുടെ കരുത്തില്‍ ലങ്കയ്ക്ക് മുന്നില്‍ 232 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യ ഉയര്‍ത്തിയത്. ഇന്ത്യയ്‌ക്കെതിരെ വിജയത്തോടെ തുടങ്ങാമെന്ന മോഹവുമായിട്ടായിരുന്നു ലങ്കന്‍ ടീം ഇന്നിംഗ്‌സ് ആരംഭിച്ചത്. എന്നാല്‍ ഇന്ത്യന്‍ പേസര്‍മാര്‍ ആഞ്ഞടിച്ചതോടെ ലങ്കന്‍ മോഹങ്ങള്‍ തകര്‍ന്നു.

ചായയ്ക്ക് പിരിയുമ്പോഴേക്കും ലങ്കയുടെ സ്‌കോര്‍ 62-4 എന്ന നിലയിലായിരുന്നു. ബാറ്റിംഗ് പുനരാരംഭിച്ചതോടെ ലങ്ക ആശങ്കയിലായി. വിക്കറ്റുകള്‍ സംരക്ഷിച്ച് സമനില പിടിക്കുകയായി ലക്ഷ്യം. വിക്കറ്റുകള്‍ തീര്‍ത്ത് വിജയത്തിനായി ഇന്ത്യയും.


Also Read: ‘ഗോമാതാവിനെ തേച്ചല്ലോ’; പത്മാവതിയെ രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍; പ്രതിമ സ്ഥാപിക്കാനും പദ്ധതി


ലങ്കയുടെ രണ്ടാം ഇന്നിംഗ്‌സിന്റെ പതിനെട്ടാം ഓവറിലായിരുന്നു ഷമിയും ഡിക്ക് വെല്ലയും ഏറ്റുമുട്ടിയത്. സ്‌ട്രൈക്ക് എടുക്കാന്‍ മനപ്പൂര്‍വ്വം സമയം പാഴാക്കിയ ലങ്കന്‍ താരത്തിനെതിരെ ഷമിയുടെ ഷമ നശിക്കുകയായിരുന്നു. താരങ്ങള്‍ പരസ്പരം വാക്കുകള്‍ കൊണ്ടും നോട്ടം കൊണ്ടുമെല്ലാം അമര്‍ഷം അറിയിക്കുകയും ചെയ്തു. പിന്നാലെ ഷമി എറിഞ്ഞ ഗുഡ് ലെങ്തിലുള്ള പന്ത് ഡിക്ക് വെല്ല സ്ലിപ്പിലേക്ക് തട്ടിയിട്ടു.

അപ്പോഴേക്കും ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്ന ഷമി ബാറ്റ്‌സ്മാന് അരികിലേക്ക് നടന്നു വന്ന് താരത്തിന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി താക്കീത് നല്‍കുകയായിരുന്നു. ഇതിനിടെ തന്റെ അമര്‍ഷം ഇന്ത്യന്‍ നായകന്‍ വിരാടും രേഖപ്പെടുത്തി.

തുടര്‍ന്ന് കോഹ് ലിയേയും ലങ്കന്‍ ബാറ്റ്‌സ്മാന്മാരേയും അടുത്ത് വിളിച്ചു വരുത്തി അമ്പയര്‍മാരാണ് പ്രശ്‌നം ഒതുക്കി തീര്‍ത്തത്. എന്തായാലും ലങ്കന്‍ താരത്തിന്റെ തന്ത്രം നടപ്പിലായി. മത്സരം സമനിലയിലായി.

വീഡിയോ കാണാം

We use cookies to give you the best possible experience. Learn more