ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷ പ്രചാരണം വ്യാപകമായി പ്രചരിച്ചതോടെ ബി.ജെ.പിയ്‌ക്കെതിരെ ട്വിറ്ററിലും വിമര്‍ശനമുയരുന്നു.
ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയെ ബി.ജെ.പി സര്‍ക്കാര്‍ നാണംകെടുത്തിയെന്നും, ഇന്ത്യ ലജ്ജ കൊണ്ട് തലകുനിക്കേണ്ടി വന്നെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ട്വിറ്ററില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
രാജ്യത്തെ ജനങ്ങള്‍ക്ക് ലജ്ജകൊണ്ട് തലകുനിക്കേണ്ട അവസ്ഥ ഉണ്ടാക്കിയിട്ടില്ലെന്നും അത്തരം അവസരം ഇല്ലാതിരിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മോദി നടത്തിയ പരാമര്‍ശം. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് നടന്ന സംഭവങ്ങള്‍.
ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പ്രവാചകനെതിരായ പരാമര്‍ശമാണ് വലിയ രീതിയില്‍ പ്രതിഷേധത്തിന് വഴിവെച്ചത്. ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് ടൈംസ് നൗവില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നുപുറിന്റെ വിദ്വേഷ പരാമര്‍ശം.
ഇസ്‌ലാം മതത്തില്‍ പരിഹസിക്കാന്‍ പാകത്തിന് നിരവധി കാര്യങ്ങളുണ്ടെന്ന് ആരോപിച്ച നുപുര്‍ പ്രവാചകനെതിരേയും വിദ്വേഷപരമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നുപുറിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
ലോകരാജ്യങ്ങളും സംഭവത്തെ അപലപിച്ച് എത്തിയതോടെ നുപുര്‍ ശര്‍മയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നടപടി സ്വാഗതാര്‍ഹമാണെങ്കിലും ഇന്ത്യ പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവുമായി ഖത്തര്‍ രംഗത്തെത്തിയിരുന്നു. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ അതൃപ്തിയുണ്ടെന്ന് അറിയിച്ച് കുവൈത്ത്, ഇറാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
#shameonbjp ടാഗ്‌ലൈന്‍ നുപുര്‍ ശര്‍മയോടൊപ്പം എന്ന വാദമുയര്‍ത്താനും ഉപയോഗിക്കുന്നവരുണ്ട് ട്വിറ്ററില്‍. പ്രതിസന്ധി ഘട്ടത്തില്‍ ഒരു സ്ത്രീയെ തനിച്ചാക്കിപ്പോയ ബി.ജെ.പിയെ ഇത്രകാലവും അനുകൂലിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു എന്നും കമന്റുകളുണ്ട്.
Content Highlight: #shameonbjp hashtag goes viral in twitter amid controversial statement on prophet